എന്താണ് ഭക്‌ഷ്യസുരക്ഷ നിയമം?

ഇര്‍ഷിത ഹസന്‍ ലോപ്പസ്| Last Modified വ്യാഴം, 19 ജൂണ്‍ 2014 (17:59 IST)
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഭക്‌ഷ്യസുരക്ഷ നിയമം. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഒപ്പിട്ടത്. അന്ന് അത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. ജൂലായില്‍ ജനീവയില്‍ നടക്കുന്ന ലോകവ്യാപാര സംഘടനയുടെ ഉച്ചകോടിയോട് അനുബന്ധിച്ച് നിയമം വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. എന്താണ് ഭക്‌ഷ്യസുരക്ഷ നിയമം?

ഇന്ത്യയിലെ 67 ശതമാനത്തോളം ജനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുകയാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. വര്‍ഷംതോറും ഒന്നേകാല്‍ ലക്ഷം കോടി രൂപ ചെലവില്‍ 6.2 കോടി പേര്‍ക്ക് അഞ്ചു കിലോ വീതം അരിയോ ഗോതമ്പോ മറ്റു ധാന്യങ്ങളോ കിലോക്ക് ഒന്നു മുതല്‍ മൂന്നുവരെ രൂപക്ക് വരെ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ചെറുകിട കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനായാല്‍ അത് കൃഷിക്ക് സഹായകമാകും. എന്നാല്‍, ഇതിനായി സര്‍ക്കാര്‍ വഹിക്കുന്ന അധികച്ചെലവ് സബ്സിഡിയായി കണക്കാക്കുമെന്നാണ് ലോക വ്യാപാര സംഘടനയില്‍ വാദിക്കുന്നത്.

ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ലംഘനമാകുമെന്ന വാദവും അവര്‍ ഉയര്‍ത്തുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ അടക്കമുള്ള ജി-33 രാജ്യങ്ങളുടെ നിലപാട് അമേരിക്ക തള്ളുന്നു. ഇവയെ മറികടക്കുക എന്ന കഠിനമായ കടമ്പ മോഡി സര്‍ക്കാരിന് മുന്നിലുണ്ട്. നിയമം കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ താറുമാറാക്കിയെന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ തന്നെ അവയുടെ ഗുണങ്ങള്‍ നാം കാണാതിരുന്നു കൂടാ. പട്ടിണിയെ ഒരുപരിധി വരെ തുടച്ചുമാറ്റാന്‍ നിയമം സഹായകമാകും. എന്നാല്‍ പൊതുവിതരണശൃംഖല വ്യാപകവും കാര്യക്ഷമവുമാക്കുക എന്ന നടപടി പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി നടന്നിട്ടില്ലായെന്നത് ന്യൂനതയാണ്. ഇപ്പോള്‍തന്നെ പൊതുവിതരണ സബ്സിഡിയുടെ 70 ശതമാനത്തോളം ചോര്‍ന്നുപോകുന്നതായാണ് കണക്ക്.

അതേസമയം പട്ടിണിനിര്‍മാര്‍ജനത്തിന് ബ്രസീല്‍ മാതൃക നമ്മുടെ മുന്നിലുണ്ട്. ബ്രസീല്‍ ജനതക്കുവേണ്ട ഭക്ഷ്യധാന്യങ്ങളുടെ 70 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് അവിടത്തെ കുടുംബകൃഷിയിടങ്ങളില്‍നിന്നാണ്. 2001ല്‍ തുടങ്ങിയ 'സീറോ പോവര്‍ട്ടി' പദ്ധതിപ്രകാരം നാലു കോടിയോളം ജനങ്ങളെ പട്ടിണിവിമുക്തമാക്കി.
കണക്കുകള്‍പ്രകാരം 2015ഓടെ പൂര്‍ണമായും പട്ടിണി ഇല്ലാതാകും. അതേസമയം, ഇന്ത്യയില്‍ ഓരോ ദിവസവും 2500ഓളം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയാണ്. ഇതാണ് നമ്മുടെ രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകവും.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :