മൂന്നാം ബദലിന്റെ ഇടവും വെള്ളാപ്പള്ളിയും, പിന്നെ കുറേ മതേതര ചിന്തകളും

വിഷ്‌ണു എന്‍ എല്‍| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2015 (17:54 IST)
നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഹിന്ദു ഐക്യത്തിനായി വെള്ളപ്പള്ളി കച്ചകെട്ടിയിറങ്ങിയപ്പോഴേ പലരും കരുതിയിരുന്നു വെള്ളപ്പള്ളി രണ്ടും കല്പീച്ചുതന്നെയാണെന്ന്. അതിനും പിന്നാലെ ഹിന്ദു ഐക്യത്തിന്റെ ലേബലില്‍ ജാതി സംഘടനകളെ കൂട്ട്പിടിച്ച് എസ്‌എന്‍‌ഡിപി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ആദ്യം നെറ്റി ചുളിച്ചത് ഇടത്പക്ഷമായിരുന്നു. പിന്നാലെയാണ് അപകടം മണത്ത വലതും നെറ്റിചുളിച്ചതും പ്രസ്താവനകളുമായി രംഗത്തുവന്നതും.

പുതിയ രാഷ്ട്രീയ കക്ഷിയുടെ ഉദയം അഥവാ ഒരു മൂന്നാം ബദലിന്റെ സാധ്യത തുറക്കപ്പെടുന്നത് രണ്ടുകൂട്ടര്‍ക്കും ആശാസ്യമല്ലാതാനും. എന്നാല്‍ എസ്‌എന്‍‌ഡിപിയുടെ തീരുമാനത്തെ ആഹ്ലാദത്തൊടെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചത് ആദ്യം തന്നെ ബിജെപിയായിരുന്നു. അവിടെ തുടങ്ങുന്നു കേരളത്തിലെ ജാതിരാഷ്ട്രീയത്തിന്റെ സാധ്യതകള്‍. ഒരുപക്ഷേ ഇതൊരു വൈരുധ്യം തന്നെയാണ്. ഇന്ത്യയിലെല്ലായിടത്തും പ്രാദേശിക ജാതി സമവാക്യങ്ങളെ തകിടം മറിച്ച് ദേശീയ കക്ഷിയായ ബിജെപി അധികാരത്തിലെത്തുമ്പോള്‍ കേരളത്തില്‍ മാത്രം പ്രാദേശിക കക്ഷിയുമായി കൂട്ടുചേരാനാണ് അവര്‍ ശ്രമിക്കുന്നത്.

മൂന്നാം ബദല്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഇടതിനേപ്പോലെ ബാധിക്കുക ബിജെപിയേയും ആണ്. കാരണം ഹിന്ദു വോട്ട് ബാങ്കിലാണ് രണ്ട് കൂട്ടരുടെയും നിലനില്‍പ്പ് എന്നതു. പരസ്യമായി ഇക്കാര്യം ഇടത് പക്ഷം സമ്മതിക്കില്ല എങ്കിലും. സത്യത്തില്‍ കേരളത്തില്‍ ഒരു മൂന്നാം ബദലിന്റെ സാധ്യത ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ ഒഴിവിലേക്ക് നൂണ്ടുകയറാന്‍ ബിജെപി അശ്രാന്ത പരിശ്രമം നടത്തിയിട്ടും ഒരുകരയിലും വഞ്ചി അടുത്തില്ല. അതിനു കാരണം ബിജെപിക്ക് കേരളത്തില്‍ പരമാവധി ലഭിക്കുക 20 ശതമാനം വോട്ട് മാത്രമാണെന്നതാണ്.

കേരളത്തില്‍ ബിജെപിയേക്കാള്‍ അടിത്തറയുള്ള സംഘടനാ സംവിധാനം നിലവില്‍ എസ്‌എന്‍ഡിപിക്ക് മാത്രമേയുള്ളു. ആര്‍‌എസ്‌എസ് ഒരു ഘടകമാണെങ്കില്‍ കൂടിയും അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടിന്റെ എണ്ണത്തിനും പരിധിയുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വസ്തുനിഷ്ഠമായി പഴുതുകളില്ലാതെ നടത്താന്‍ ആര്‍‌എസ്‌എസിനെ കഴിഞ്ഞാല്‍ രാജ്യത്ത് സിപി‌എം മത്രമേയുള്ളൂ താനും. എന്നാല്‍ കേരളത്തില്‍ ശക്തമായ അടിത്തറ ഉണ്ടെങ്കിലും ബിജെപി നേതൃത്വങ്ങളൊട് കേരളത്തിലെ ആളുകള്‍ക്ക് അത്ര പ്രതിപത്തി പോര.

ഈ സാഹചര്യത്തില്‍ വേണം വെള്ളപ്പള്ളി കൂട്ടുകെട്ടിനെ നോക്കിക്കാണിക്കാന്‍. ബാലികേറാമലയായിരുന്ന മഹാരാഷ്ട്രയില്‍ സമാന ചിന്താഗതിയായിരുന്ന ശിവസേനയുമായി കൂട്ടുപിടിച്ചാണ് ബിജെപി വളര്‍ന്നത് എന്നത് മറന്നുകൂട. മഹാരാഷ്ട്രയല്ല കേരളമെന്ന് പറയാന്‍ സാധിക്കുമെങ്കിലും കാര്യങ്ങളുടെ പോക്ക് അതുപോലെ തന്നെയാണ്. ഹിന്ദു വിരുദ്ധ സഖ്യങ്ങളാണ് ഇടത്തും വലത്തുമുള്ളതെന്ന് പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ സൈബര്‍ പോരാളികളൂം പ്രചാരണ സംവിധാനങ്ങള്‍ക്കും കഴിഞ്ഞു.

ഈ സാധ്യത ബിജെപി അനുകൂല ഹിന്ദു അന്തരീക്ഷം കേരളത്തില്‍ സംജാതമായിട്ടുണ്ട് എന്നത് അവഗണിക്കാന്‍ സാധിക്കാത്ത യാഥാര്‍ഥ്യമാണ്. ഈ സാഹചര്യത്തിലാണ് വെള്ളപ്പള്ളി തൊഗാഡിയയേക്കാള്‍ ശക്തമായി ഹിന്ദു എന്ന പദം കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നോക്ക ഹിന്ദു സമുദായങ്ങളില്‍ വെള്ളപ്പള്ളി ഉണ്ടാക്കിയ സ്വാധീനം ചില്ലറയല്ല താനും.
ഇവരെയെല്ലാം കൂട്ടിപ്പിടിച്ച് പാര്‍ട്ടിയുമായി വെള്ളപ്പള്ളി തേര്‍ തെളിയിച്ചാല്‍ കേരളത്തിന്റെ മണ്ണില്‍ താമര വിരിയുക തന്നെ ചെയ്യുമെന്നുറപ്പാണ്.

1979ലെ പിന്നോക്ക സമുദായ ഫെഡറേഷന്‍, 82ലെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തുടങ്ങിയവയുടെ ഉദയവും അസ്തമയം ചൂണ്ടിക്കാണിച്ച് താല്‍കാലിക പ്രതിഭാസമെന്ന് പുഛിക്കുന്നവര്‍ ഒന്നോര്‍ക്കണം. അന്നത്തേക്കാള്‍ ശക്തമായ അന്തരീക്ഷമാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. മാത്രമല്ല പിന്നോക്ക സമുദായങ്ങളെ മുഴുവനും കൂടെചേര്‍ക്കാന്‍ വെള്ളാപ്പള്ളി കേരളം മുഴുവന്‍ രഥയാത്രയും ഗ്രഹസമ്പര്‍ക്ക പരിപാടിയും ആവിഷ്കരിച്ചു കഴിഞ്ഞു എന്നകാര്യം ഓര്‍ക്കേണ്ടതുണ്ട്. കൂട്ടത്തില്‍ കേരളത്തില്‍ ബിജെപിക്കുണ്ടായ വളര്‍ച്ചയും അനുകൂല സാഹചര്യവും സംഘപരിവാറിന്റെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങളും കേരളത്തേ എങ്ങോട്ട് കൊണ്ടുപോകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

നിലവില്‍ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്. എന്നാല്‍ അത് എത്രകാലം നിലനില്‍ക്കും എന്നത് കാതലായ ചോദ്യമാണ് താനും. വെള്ളാപ്പള്ളിയുടെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ ശക്തമായ സാഹചര്യങ്ങളില്‍ ഇടിവ് സംഭവിച്ചാല്‍ കളം മാറ്റി ചവിട്ടാനും വെള്ളാപ്പള്ളി തയ്യാറാകും. എങ്ക്ലും പുതിയ തീരുമാനം ഇടത് പക്ഷത്തെ വെട്ടിലാക്കുക തന്നെ ചെയ്യും പ്രത്യേകിച്ച് സിപി‌എമ്മിന്. കാരണം ഇടതിന്റെയും സിപി‌എമ്മിന്റെയും വോട്ട് ബാങ്കില്‍ ഈഴവരടക്കമുള്ള പിന്നോക്ക സമുദായങ്ങളുടെ സാന്നിധ്യമാണ് കൂടുതല്‍.

അവരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പതിവ് വാചോടാപങ്ങള്‍ക്ക് സാധിക്കില്ല എന്നതിന്റെ ഏറ്റവും വ്ലിയ തെളിവാണ് സിപി‌എം നേതാക്കളുടെ പരിഭ്രാന്തപരമായ നേരിട്ടുള്ള വാക്ശരങ്ങള്‍ സൂചിപ്പിക്കുന്നത്. അത് സിപി‌എം പേടിച്ചുകഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിനും വലത് പക്ഷത്തിനും വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ഭീഷണി തന്നെയാണ്. ബിജെപിയോടൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനേ നേരിട്ടാല്‍ വെള്ളപ്പള്ളിയുടെ പാര്‍ട്ടിയോടുള്ള നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കേണ്ടിവരും. അനുകൂലമായാലും പ്രതികൂലമായാലും നിലപാട് യുഡി‌എഫിന്റെ കെട്ടുറപ്പിനെ തന്നെ അത് ബാധിക്കുകയും ചെയ്യും.

അനുകൂലിച്ചാല്‍ കോണ്‍ഗ്രസ് വര്‍ഗീയതയ്ക്ക് വഴങ്ങുന്നു എന്ന പ്രചരണമാകും ഇടത്പക്ഷം അഴിച്ചുവിടുക. അല്ലെങ്കില്‍ യു‌ഡി‌എഫ് ഹിന്ദു വിരുദ്ധമാണെന്ന പ്രചാരണം സംഘപരിവാര്‍ വളര്‍ത്തുകയും ചെയ്യും. സത്യത്തില്‍ കേരളത്തില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന നല്ലൊരു ആയുധമാണ് ഇന്ന് വെള്ളാപ്പള്ളി. വെള്ളപ്പള്ളിയെ ചാരി നിയമസഭയില്‍ കയറിയാല്‍ പിന്നെ എന്താണ് ചെയ്യേണ്ടതെന്ന കാര്യം ബിജെപിയെ ആരും പഠിപ്പിക്കേണ്ടതില്ല. ഭാവിയില്‍ വെള്ളപ്പള്ളി പിണങ്ങിയാല്‍ ബീഹാറിലും മഹാരാഷ്ട്രയിലും ചെയ്തതുപോലെ പിളര്‍പ്പ് ഉണ്ടാക്കാനും ബിജെപിയേ ആരും പഠിപ്പിക്കേണ്ടതില്ല. കാരണം രാഷ്ടീയ പാര്‍ട്ടി എന്ന നിലയില്‍ ബിജ്പിയൊളം പരിചയം ഏതായാലും വെള്ളപ്പള്ളിയുടെ അനുഭവത്തിനില്ല.

എന്നാല്‍ സഖ്യവും തിരഞ്ഞെടുപ്പും അതിനു ശേഷം വരുന്ന ഫലത്തില്‍ ബിജെപിയും വെള്ളപ്പള്ളിയുടെ പാര്‍ട്ടിയും ശക്തി തെളിയിച്ചാല്‍ കേരളം വല്ലാത്ത അവസ്ഥയിലേക്ക് ചുവട് മാറും എന്നതിന് സംശയമില്ല. അധികാരത്തിന്റെ ഇടനാഴിയില്‍ സംഘപരിവാര്‍ ശക്തികള്‍ എത്തപ്പെടുന്നത് കേരളത്തെ എങ്ങമെ ബാധിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. യുഡി‌എഫ് സര്‍ക്കാരിന്റെ നയങ്ങളെ വേണ്ടവിധത്തില്‍ പ്രതിരോധിക്കാംന്‍ കഴിയാതെ കുഴങ്ങുന്നതിനിടെയാണ് കൂനിന്മേല്‍ കുരു പോലെ ബിജെപിയുടെ വളര്‍ച്ച ഉണ്ടാകുന്നത്. അതിനിടെ ഇടിത്തീ പോലെ വെള്ളപ്പള്ളിയുടെ രാഷ്ട്രീയ പാര്‍ട്ടിയും വരുന്നത് ഇടതിന്റെ ശോഷണം ഉണ്ടാക്കിയേക്കാം.

അങ്ങോട്ടും ഇങ്ങോട്ടും ആടിനില്‍ക്കുന്ന ഒരുപാടുപേര്‍ ഇടത്ത് ഉണ്ടെന്നുള്ളതിന്റ്റെ ഏറ്റവും വലിയ സൂചനയാണ് ഇടത് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തെളിയിച്ചത്. ഏതായാലും വെള്ളാപ്പള്ളിയുടെ പാര്‍ട്ടി കേരളത്തില്‍ ആര്‍ക്കാണ് കോട്ടവും നേട്ടവും ഉണ്ടാക്കുക എന്നത് പ്രവചനാതീതമാണ്.

വാല്‍ക്കഷണം: ബിജെപിയുമായല്ല മോഡിയുമായാണ് എസ്‌എന്‍ഡിപി അടുക്കുന്നത് എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. സംസ്ഥാന ബിജെപിയില്‍ വെള്ളപ്പള്ളിക്ക് അത്ര പ്രിയപ്പെട്ടവരില്ല എന്നത് തന്നെ സഖ്യത്തിന്റെ ഭാവി എത്രകാലം എന്നതിന്റെ സൂചനയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :