സുമീഷ് ടി ഉണ്ണീൻ|
Last Modified വെള്ളി, 4 ജനുവരി 2019 (13:57 IST)
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കൾ സംസ്ഥാനത്തെ മാധ്യമങ്ങളോട് വ്യക്തമാക്കുന്ന നിലപാട് ആർത്തവമുള്ള സ്ത്രീകളെ ഒരിക്കലും ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്നതാണ്. അയ്യപ്പന്റെ നൈഷ്ടിക ബ്രഹ്മചര്യവും. ആചാര ലംഘനവുമാണ് അതിനായ് അവർ ചൂണ്ടിക്കാണിക്കുന്ന കാരണം.
എന്നാൽ ദേശീയ മധ്യമങ്ങളിലേക്ക് ചെല്ലുമ്പോൾ നിലപാട് നേരെ തിരിച്ചിടുകയാണ് ബി ജെ പി. ഭക്തരായ യുവതികൾ ശബരിമലയിൽ കയറിയാൽ സംരക്ഷണം നൽകുക തന്നെ വേണമെന്നാണ് ബി ജെ പി നേതാവ്
വി മുരളീധരൻ ന്യൂസ് 18 ചാനലിൽ ചർച്ചയിൽ പങ്കെടുക്കവെ വ്യക്തമാക്കിയത്. എന്തുകൊണ്ട് ഇതേ നിലപാട് വി മുരളീധരനും ബി ജെ പിയും കേരളത്തിൽ സ്വീകരിക്കുന്നില്ല.
ഇതിൽ നിന്നും ശബരിമല വിഷയത്തിൽ ബി ജെ പിയുടെ നിലപാടില്ലായ്മ തന്നെയാണ് വ്യക്തമാകുന്നത്. ആദ്യ ഘട്ടത്തിൽ ശബരിമല സ്ത്രീ പ്രവേസനത്തെ അനുകൂലിക്കുകയാണ് ബി ജെ പി, ആർ എസ് എസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ചെയ്തത്. ആർ എസ് എസ് മുഖപത്രം ഇതിനെ അനുകൂലിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. ബി ജെ പിയുടെ മുഖപത്രം സുപ്രീം കോടതിയുടെ വിധിയെ
ചരിത്രപരമായ വിധിയെന്ന് വാഴ്ത്തി.
പക്ഷേ ഒറ്റ ദിവസം കൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അതേ നിലപാടില്ലായ്മയാണ് ഇപ്പോഴും പ്രകടമാകുന്നത്. ശബരിമലയിൽ ഭക്തരായ യുവതികൾ കയറിയാൽ പ്രശ്നമില്ല എന്ന് വി മുരളീധരൻ സംസ്ഥാനത്തെ ജനങ്ങളുടെ മുൻപിൽ മലയാളത്തിൽ പറയാത്തതിന് കാരണവും അതാണ്.
നേരത്തെ ശബരിമലയിൽ സ്ത്രീകൾ കയറുന്നതല്ല എൽ ഡി എഫ് സർക്കാരിനെ എതിരിടുകയാണ് തങ്ങളുടെ ലക്ഷ്യം എന്നായിരുന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധർൻപിള്ളയുടെ നിലപാട്. ഇപ്പോൾ അതിൽ അൽപം കൂടി മാറ്റം വരുത്തിയിരിക്കുന്നു. ഭക്തയായ
യുവതികൾ കയറുന്നതിൽ പ്രശ്നമില്ല. അതിൽ സർക്കാർ സുരക്ഷ നൽകുന്നതിലും പ്രശനമില്ല. പക്ഷേ അടുത്ത ആരോപനം ഭക്തരല്ലാത്തവരെ മനപ്പൂർവം ശബരിമലയിൽ എത്തിക്കുന്നു എന്നതാണ്.
ഇവിടെ ശബരിമല വിഷയത്തിൽ സംസ്ഥാന ബി ജെ പി നേതൃത്വം വ്യക്തമാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ശബരിമലയിൽ ഭക്തരായ യുവതികൾ കയറുന്നതിൽ നിങ്ങൾക്കെതിർപ്പില്ലെങ്കിൽ, അവർക്ക് സംസ്ഥാന സർക്കാരിന് എതിർപ്പില്ലെങ്കിൽ പിന്നീട് എന്തിന് പ്രതിഷേധങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുന്നു ? ശബരിമലയിൽ ദർശനം നടത്താൻ എത്തുന്ന യുവതികളുടെ ഭക്തി നിങ്ങൾ ഏത് അളവ് കോല് വച്ച് അളക്കും. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയാൽ ശബരിമലയുടെ പേരിൽ നടക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമാകും.