നയന്‍‌താര അടുത്ത ജയലളിത? ‘തലൈവി നയന്‍‌താര’ എന്ന് താരത്തിന് വിശേഷണം; ‘അമ്മ’യ്ക്ക് പകരക്കാരിയെ തേടുന്ന പാര്‍ട്ടി ഒടുവില്‍ നയന്‍‌താരയിലേക്കോ?

Nayanthara, Aramm, Jayalalitha, Mathivadani, OPS, Panneer Selvam, Edappadi, നയന്‍‌താര, അറം, ജയലളിത, മതിവദനി, ഒപി‌എസ്, പനീര്‍സെല്‍‌വം, എടപ്പാടി
ആര്‍ ശൈലജന്‍| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2017 (16:02 IST)
‘അറം’ എന്ന പുതിയ തമിഴ് സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട് - നയന്‍‌താര തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഓര്‍മ്മിപ്പിക്കുന്നു. ആ ചിത്രത്തിലെ മതിവദനി എന്ന ജില്ലാ കലക്ടറുടെ നില്‍പ്പും നടപ്പും സംസാരവുമെല്ലാം ഒരു സ്റ്റൈല്‍. ധരിക്കുന്ന വസ്ത്രത്തിലും വാച്ചിലും പോലും ഒരു ‘അമ്മ’ സ്റ്റൈല്‍ !

ചിത്രത്തിന്‍റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു തിയേറ്ററിലെത്തിയ നയന്‍‌താര കാറില്‍ നിന്നിറങ്ങിയയുടന്‍ ‘തലൈവി നയന്‍‌താര’ എന്ന് മുദ്രാവാക്യം വിളി ഉയര്‍ന്നത് വലിയ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പലരും ‘നമ്മ തലൈവി നയന്‍‌താര’ എന്ന് അലറിവിളിക്കുന്നുണ്ടായിരുന്നു. ഈ സംഭവം തമിഴ്നാട് സിനിമാ - രാഷ്ട്രീയ വേദികളില്‍ ചര്‍ച്ചയായിട്ടുണ്ട്.

‘അറം’ സംസാരിക്കുന്നത് തമിഴ്നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. വ്യക്തമായ ജനപക്ഷരാഷ്ട്രീയം ആണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ജയലളിതയെപ്പോലെ കാര്യങ്ങളെ ഗൌരവപൂര്‍വം സമീപിക്കുകയും കൃത്യമായി പഠിക്കുകയും ഉലയാത്ത തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന കഥാപാത്രമായി നയന്‍‌താര മിന്നിത്തിളങ്ങിയിരിക്കുന്നു.

നയന്‍‌താരയുടെ യഥാര്‍ത്ഥ ജീവിതത്തിനും ഒരു ജയലളിത ടച്ചുണ്ട്. അതുപോലെ കരുത്തുറ്റ തീരുമാനങ്ങള്‍ എടുക്കുന്ന വനിതയാണവര്‍. തന്‍റെ ജോലിയില്‍ തികഞ്ഞ പ്രൊഫഷണലിസം കാത്തുസൂക്ഷിക്കുന്നവര്‍. മാധ്യമങ്ങളോട് കൃത്യമായ അകലം പാലിക്കുന്ന താരം. സിനിമയുടെ പ്രൊമോഷന് പോലും നയന്‍‌താര വരുന്ന പതിവില്ല.

തമിഴ്നാട് ജനത ഇപ്പോള്‍ ജയലളിതയെപ്പോലെ ഒരു ‘തലൈവി’യെ ആഗ്രഹിക്കുന്നുണ്ട്. അക്കാര്യം ജയയുടെ പാര്‍ട്ടിയായ എഐഎഡി‌എംകെയ്ക്കും അറിയാം. ഇപ്പോള്‍ ആ പാര്‍ട്ടിയിലുടലെടുത്തിരിക്കുന്ന അഭിപ്രായവ്യത്യാസമെല്ലാം ശക്തമായ ഒരു നേതൃത്വം ഇല്ലാത്തതിന്‍റെ കുഴപ്പം കൊണ്ടുകൂടിയാണ്. നയന്‍‌താര രാഷ്ട്രീയത്തിലേക്ക് വന്നാല്‍ അവര്‍ ജയലളിതയുടെ ശരിയായ പിന്‍‌ഗാമിയായിരിക്കുമെന്ന അഭിപ്രായം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്.

തെന്നിന്ത്യയ്ക്ക് ഇന്ന് ഒരു ലേഡി സൂപ്പര്‍സ്റ്റാറേ ഉള്ളൂ. അത് നയന്‍‌താരയാണ്. അവര്‍ എ ഐ ഡി എം കെയെ നയിക്കുന്നത് ആ പാര്‍ട്ടിയിലും പലരും സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു.

എന്തായാലും തമിഴകരാഷ്ട്രീയത്തില്‍ ഇനി തലൈവി നയന്‍‌താരയുടെ കാലമാണോ വരാന്‍ പോകുന്നത്? കാത്തിരുന്ന് കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :