അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ അറസ്റ്റിന് 40 വയസ്സ്, കനയ്യയുടെ അറസ്റ്റിനും രാജന്റെ അറസ്റ്റിനും സാമ്യങ്ങളേറെ

അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ അറസ്റ്റിന് 40 വയസ്സ്, കനയ്യയുടെ അറസ്റ്റിനും രാജന്റെ അറസ്റ്റിനും സാമ്യങ്ങളേറെ

ചെന്നൈ| JOYS JOY| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (16:35 IST)
അടിയന്തരാവസ്ഥയുടെ ഭൂതം രാജ്യത്തെ മൊത്തമായി വേട്ടയാടിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ കോഴിക്കോട് റീജിയണല്‍ എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് പൊലീസ് പിടിച്ചു കൊണ്ടു പോയ രാജന്‍ പിന്നീട് പുറംലോകം കണ്ടിട്ടില്ല, രാജനെയും പുറംലോകം കണ്ടിട്ടില്ല. അടിയന്തരാവസ്ഥയുടെ ഭീകരത മലയാളി എപ്പോഴും ഓര്‍ക്കുന്നത് രാജന്‍ കേസിലൂടെയാണ്. 1976 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ആയിരുന്നു രാജനെ ആര്‍ ഇ സി ക്യാമ്പസില്‍ നിന്ന് പിടിച്ചു കൊണ്ടുപോയത്, അതായത് ഇന്നേക്ക് ആ സംഭവത്തിന് നാല്പതു വയസ് തികയുകയാണ്. പൊലീസ് പിടിച്ചു കൊണ്ടുപോയതിന്റെ പിറ്റേദിവസം തന്നെ രാജന്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കായണ്ണ പൊലീസ് സ്റ്റേഷനിൽ ഉണ്ടായ നക്സലൈറ്റ് ആക്രമണത്തെ തുടർന്ന് അതിൽ പങ്കാളിയായ ഒരു രാജനെ തിരഞ്ഞു വന്നതായിരുന്നു പൊലീസ്. അതേസമയം, കെ കരുണാകരൻ സന്നിഹിതനായിരുന്ന ഒരു ചടങ്ങിൽ കരുണാകരനെ അവഹേളിക്കുന്ന ഗാനം അവതരിപ്പിച്ചതിനാണ് രാജനെ പൊലീസ് കൊണ്ടു പോയതെന്നും പറയപ്പെടുന്നുണ്ട്. കക്കയം പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയ രാജനെ സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ പൊലീസ് ഉരുട്ടിക്കൊന്നു എന്നാണ് ഭൂരിഭാഗം പേരും ഇന്നും വിശ്വസിക്കുന്നത്.

ഉരുട്ടിക്കൊന്ന രാജന്റെ മൃതദേഹം പൊങ്ങി വരാതിരിക്കാൻ വയർ കീറി പുഴയിലിട്ടുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
അതല്ല പഞ്ചസാരയിട്ട് പൂർണ്ണമായി കത്തിച്ചെന്നും വാദമുണ്ട്. മൃതദേഹം ആദ്യം കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് കുഴിച്ചിട്ടെന്നും, പിന്നീട് പുറത്തെടുത്ത് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞ് തെളിവുകൾ നശിപ്പിച്ചെന്നും വാദമുണ്ട്. രാജന്റെ മരണശേഷം പുലിക്കോടനെ ക്യാമ്പിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.

കഴിഞ്ഞപ്പോള്‍ ആദ്യമായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി രാജന്‍ സംഭവത്തില്‍ ആയിരുന്നു. കേരളത്തിലെ പ്രധാന നക്സലാക്രമണങ്ങളില്‍ പലതും പൊലീസ് സ്റ്റേഷനുകള്‍ക്ക് എതിരായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ നക്‌സലൈറ്റ് ആക്രമണത്തെ തുടര്‍ന്നായിരുന്നു രാജനെ അന്വേഷിച്ച് പൊലീസ് ആര്‍ ഇ സിയില്‍ എത്തിയതും പിടിച്ചുകൊണ്ടു പോയതും.

1976 മാർച്ച് ഒന്നിന് പുലർച്ചെ 06:30നു ആയിരുന്നു രാജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കക്കയം പൊലീസ് ക്യാമ്പിലേക്ക് ആയിരുന്നു രാജനെ കൊണ്ടു പോയിരുന്നത്. ഡി ഐ ജി ജയറാം പടിക്കലിന് ആയിരുന്നു ക്യാമ്പിന്റെ ചുമതല. രാജനെ ചോദ്യം ചെയ്തത്, സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ അടങ്ങുന്ന സംഘമായിരുന്നു.

ഏതായാലും, രാജന്‍ സംഭവത്തിന് നാല്പതു വയസ്സ് തികയുമ്പോള്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ
നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല. അസഹിഷ്‌ണുതയുടെയും അമിത ഹിന്ദുത്വ വാദത്തിന്റെയും പാതയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ അറസ്റ്റ്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കനയ്യയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, കനയ്യക്കെതിരെ ഒരു തെളിവ് പോലും കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.

കൂടാതെ, അറസ്റ്റു ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകവേഷം അണിഞ്ഞെത്തിയവര്‍ കനയ്യയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പക്ഷേ, കനയ്യയെയും ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികളെയും പിന്തുണച്ച് രാഷ്‌ട്രീയ - സാമൂഹിക - സാംസ്കാരിക - മാധ്യമ രംഗങ്ങള്‍ നിറഞ്ഞു നിന്നു. കനയ്യയെപോലുള്ള യുവരക്തങ്ങള്‍ക്ക് തുണയാകുന്നതും ഈ പിന്തുണയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :