Last Updated:
തിങ്കള്, 18 ഫെബ്രുവരി 2019 (13:52 IST)
ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുന്നത്. കാസഗോട്ട് ശരത്, കൃപേശ് എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നിൽ സി പി എം പ്രാദേശിക നേതൃത്വമാണ് എന്ന് വ്യക്തമായതോടെ തിരഞ്ഞെടുപ്പിൽ സി പി എമ്മിന് കടുത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരും.
സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ മർദ്ദിച്ച കേസിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായിരുന്നു. ഇതിന്റെ പ്രതികാരമാണ് ക്വട്ടേഷൻ കൊലപാതകത്തിൽ കലാശിച്ചത് എന്ന് പൊലീസ് എഫ് ഐ ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് സി പി എമ്മിനും സംസ്ഥാന സർക്കരിനും പ്രാധാന്യമുള്ളതാണ്. ശബരിമല സമരങ്ങൾ സർക്കരിനെയോ പാർട്ടിയെയോ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതിയി സി പി എം നിർബന്ധിതമയിട്ടുണ്ട്, മാത്രമല്ല. ഇക്കുറി ബി ജെ പി തങ്ങളുടെ സംഘടനാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ബി ജെ പി സംസ്ഥാനത്ത് തങ്ങളുടെ വോട്ട് വിഹിതം വർധിപ്പിക്കും എന്ന് തന്നെയാണ് പുറത്തുവരുന്ന റിപോർട്ടുകളും.
ഈ സാഹചര്യത്തിലാണ് അതി ക്രൂരമായ ഇരട്ട കൊലപാതങ്ങളിൽ സി പി എം പ്രതിസ്ഥാത്ത് നിൽക്കുന്നത്. സി പി എം പ്രദേശിക നേതൃത്വം ഗൂഡാലോചന നടത്തി കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത് എന്ന് പൊലീസ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സർക്കാരിനും സി പി എമ്മിനും വലിയ സമ്മർദ്ദം തന്നെയാണ് സൃഷ്ടിക്കുന്നത്.
കൊലപാതകത്തിൽ പാർട്ടിക്കാർക്ക് ബന്ധമുണ്ടെങ്കിൽ ആരെയും ഒരു തരത്തിലും സംരക്ഷിക്കില്ല എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിന് സംഭവത്തിൽ പങ്കുണ്ടെങ്കിൽ പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും അത്തരക്കാരെ പർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
സംഭവം പാർട്ടിക്ക് രാഷ്ട്രീയ തിരിച്ചടി തന്നെയാണ് എന്ന തിരിച്ചറിവിൽനിന്നുമാണ് കോടിയേരി ബാലകൃഷ്ണൻ ഇത്തരമൊരു പ്രതികരണം നടത്തിയത്. അന്വേഷണം എത്രയും വേഗത്തിൽ പൂർത്തിയാക്കി കൊലപാതകവുമായി ബന്ധപ്പെട്ടവരെ പാർട്ടിയിൽ നിന്നും പുറത്താക്കി പ്രതിസന്ധിയുടെ കാഠിന്യം കുറക്കാനാകും സി പി എമ്മും സംസ്ഥാന സർക്കാരും ഇനി ശ്രമിക്കുക.