മാണിയെ തള്ളണോ കൊള്ളണോ എന്നറിയാതെ യു ഡി എഫ്; കുരുക്കിലായത് കോണ്‍ഗ്രസ്

കോണ്‍ഗ്രസ്, യു ഡി എഫ്, കെ എം മാണി, വി എസ്, സുധീരന്‍, കാനം, Congress, UDF, KM Mani, VS, Sudheeran, Kanam
ജോണ്‍ കെ ഏലിയാസ്| Last Updated: ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (21:02 IST)
ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയതോടെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് യു ഡി എഫും കോണ്‍ഗ്രസുമാണ്. മാണിയെ തള്ളണോ കൊള്ളണോ എന്ന അങ്കലാപ്പിലാണ് വലതുപക്ഷം.

എന്നാല്‍ ഇടതുക്യാമ്പ് ആകട്ടെ ആശ്വാസത്തിലാണ്. മാണിക്കെതിരായ മൃദുസമീപനം ഇനി മാറ്റാമെന്നും മാണിക്കെതിരെ ആഞ്ഞടിക്കാമെന്നും ഒത്തൊരുമയോടെ എല്‍ ഡി എഫ് തീരുമാനിച്ചാല്‍ യു ഡി എഫിന് അത് വലിയ ക്ഷീണമാകും. കോടതിവിധിയെയും തുടര്‍നടപടികളെയും മുന്‍‌നിര്‍ത്തി ഇടതുമുന്നണി അഴിമതിക്കെതിരായ പോരാട്ടമെന്ന രീതിയില്‍ പ്രചരണം നടത്തിയാല്‍ അതിനെ പ്രതിരോധിക്കുക എന്നത് യു ഡി എഫിന് വിഷമകരമാകും.

സി പി ഐയും സി പി എമ്മിലെ വി എസ് വിഭാഗവും എന്തായാലും മാണിക്കെതിരായ പ്രചരണം അതിശക്തമായി തുടരും. എന്നാല്‍ ഈ വിഷയത്തില്‍ യു ഡി എഫ് ഒറ്റക്കെട്ടല്ല എന്നതാണ് വലതുമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. വി എം സുധീരന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ മാണിക്കെതിരെ കലാപമുയര്‍ത്താന്‍ അവസരം പാര്‍ത്തുനടക്കുകയാണ്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയായാല്‍ അത് ഇടതുമുന്നണിക്ക് വലിയ നേട്ടമാണ്. മാണിയെ യു ഡി എഫിലേക്ക് കൊണ്ടുവന്നതുതന്നെ അനാവശ്യമായ നടപടിയായിരുന്നു എന്ന വിമര്‍ശനം കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ട്. വരും ദിവസങ്ങളില്‍ അത് പൊട്ടിത്തെറിയായി മാറിയേക്കാം.

തുടരന്വേഷണക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ തീരുമാനം ഡിസംബര്‍ 10ന് മുമ്പ് അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :