ഇരട്ടക്കൊലപാതകം; സിബിഐ വന്നാല്‍ സിപിഎമ്മിന് എന്താണ് നഷ്‌ടം ?

 CBI , kasaragod murder , CPM , police , youth congress workers killed , youth congress , സിബിഐ , യൂത്ത് കോൺഗ്രസ് , കാസർകോട് , വിജയരാഘവന്‍
Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (17:42 IST)
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കും. സിപിഎം അറിയാതെ കൊലപാതകം നടക്കില്ലെന്നും, സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്‌ണൻ വ്യക്തമാക്കുന്നത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃഷ്‌ണൻ ഹൈക്കോടതിയെ സമീപിക്കും. ഇതാണ് സര്‍ക്കാരിനും സിപിഎം നേതൃത്തിനും ആശങ്കയുണ്ടാക്കുന്നത്. സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം സർക്കാരിന്റെ
ശ്രദ്ധയില്‍ പെടുത്തുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞതിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്തുവന്നത് ഇതിന് ഉദ്ദാഹരണമാണ്.

എല്‍ഡിഎഫ് നേതാക്കള്‍ ഈയൊരു സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകുന്നത് നല്ല സന്ദേശം നല്‍കാനാണെന്ന് കരുതുന്നില്ലെന്നാണ് വിജയരാഘവന്‍ വ്യക്തമാക്കുന്നത്.

ഇരട്ടക്കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നുണ്ട്. ശക്തമായ തെളിവുകളും അദ്ദേഹം നിരത്തുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിൽ നടന്ന ഷുഹൈബ് വധം സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടുകയാണ്. ഇതിന് പിന്നാലെയാണ് അതിനേക്കാൾ ദാരുണമായ ഇരട്ടക്കൊലപാതകം സിപിഎമ്മിന് മേല്‍ വന്നു വീഴുന്നത്.

ലോക്‍സഭ തെരഞ്ഞെടുപ്പും മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. വികസന നേട്ടങ്ങളും, ശബരിമല വിഷയത്തില്‍ ബിജെപിയും സംഘപരിവാറും നടത്തിയ വർഗീയ അജൻഡയും ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ചർച്ചയാക്കാനായിരുന്നു എൽഡിഎഫ് ലക്ഷ്യം. കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള ഭരണ നേട്ടങ്ങളുടെ ലിസ്‌റ്റും സര്‍ക്കാര്‍ തയ്യാറാക്കിവച്ചിരുന്നു. എന്നാല്‍, രണ്ട് കൊലപാതകത്തിന് പിന്നാലെ ഈ നേട്ടങ്ങളെല്ലാം അപ്രസക്തമായി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വന്നാല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയും. നിയമസഭ തെരഞ്ഞെടുപ്പിനെ വരെ ഇത് ബാധിക്കും. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടിക്കുണ്ടാക്കിയ കളങ്കത്തിന്റെ തനി പകര്‍പ്പായിരിക്കും പിന്നീട് സംഭവിക്കുക. എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ നടത്തുന്ന ഇടപെടലുകള്‍ ഇന്നും തുടരുകയാണ്.

ഈ സാഹചര്യങ്ങളാണ് സി പി എമ്മിനെയും സര്‍ക്കാരിനെയും ആശങ്കപ്പെടുത്തുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ തള്ളിപ്പറഞ്ഞ് അവരെ നിയമത്തിന് മുമ്പില്‍ എത്തിക്കുകയുമാണ് സി പി എമ്മിന് മുന്നിലുള്ള ഏക പോംവഴി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :