ശമ്പളം വെറും 3000! എന്തിനാണ് പണിക്ക് പോകുന്നതെന്ന് വീട്ടുകാര്‍ - പൊട്ടിക്കരഞ്ഞ് നഴ്സ്

‘ഒരു ജീവന്‍ രക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഹീറോ, ഒരുപാടു പേരുടെതാണെങ്കില്‍ അതൊരു നഴ്സ്’

aparna| Last Modified ചൊവ്വ, 18 ജൂലൈ 2017 (13:49 IST)
സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നു. സമരം ആരംഭിച്ചതിനേക്കാള്‍ പിന്തുണയാണ് ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത്. വിവിധ ജില്ലകളില്‍ കൂടുതല്‍ നഴ്‌സുമാര്‍ സമരരംഗത്തേക്ക് വരുന്നു. നഴ്‌സുമാരുടെ സമരം അടിച്ചമര്‍ത്താനുളള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

പാലക്കാട് സഹകരണ ആശുപത്രിയിലെ നഴ്സുമാരുടെ സമരപന്തലില്‍ വെച്ച് പൊട്ടിക്കരയുന്ന നഴ്സുമാരെ കണ്ടില്ലെന്ന് നടിക്കാന്‍ എങ്ങനെയാണ് ഭരണകൂടത്തിന് അവുക. കരഞ്ഞ് കൊണ്ടാണ് അവര്‍ പറയുന്നത് ‘എന്റെ ശമ്പളം 3000 രൂപയാണ്. എന്തിനാണ് ജോലിക്ക് പോകുന്നതെന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. ശമ്പളം മുഴുവന്‍ വീട്ടില്‍ കൊണ്ടുത്തുകഴിഞ്ഞാല്‍ ബസ് കൂലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി വീട്ടില്‍ തന്നെ വീണ്ടും ചോദിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഉള്ളത്‘ - നഴ്സുമാര്‍ പറയുന്നു.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സ്മാര്‍ നടത്തുന്ന സമരത്തിനെതിരെയാണ് സിപിഎം നിലപാട് സ്വീകരിച്ചതെന്നും
പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും സമരക്കാരായ നഴ്‌സുമാര്‍ക്കനുകൂലമായി രംഗത്തു വന്നതോടെ സര്‍ക്കാര്‍ സമരത്തിനു മുന്നില്‍ മുട്ടുമടക്കേണ്ട സ്ഥിതിയാണ്.

നഴ്‌സിംഗ് സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികളെ നഴ്‌സുമാര്‍ക്ക് പകരം ജോലി ചെയ്യിക്കാനെടുത്ത തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നുതന്നെ ഇന്നലെ പ്രതിഷേധം ഉയര്‍ന്നു. സംസ്ഥാനത്തെ മിക്ക കോളേജുകളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. കൂടുതല്‍ പേര്‍ രംഗത്തുവരുന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടനകള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :