Last Updated:
ശനി, 30 ജൂലൈ 2016 (21:41 IST)
വിഴിഞ്ഞം തുറമുഖത്തിന് വെറും 36 കിലോമീറ്റര്‍ മാത്രം അകലെ ഒരു പുതിയ തുറമുഖം വരുന്നത് വിഴിഞ്ഞത്തിന്റെ പ്രസക്തി ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ കേരളത്തിന്റെ പ്രധാന പ്രശ്‌നം. വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണ് കുളച്ചല്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം ഏറ്റവും കൂടുതല്‍ തവണ ആവശ്യപ്പെട്ട ഒരു തുറമുഖമായിരുന്ന വിഴിഞ്ഞം. കുളച്ചിനു മുന്‍പേ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനു നടന്ന വിഴിഞ്ഞം പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു മുഖ്യാതിഥി. 1000 ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കുമെന്നു നിര്‍മാണം ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി അന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് വിഴിഞ്ഞത്തിനു 36 കിലോമീറ്റര്‍ മാത്രം അകലെ കുളച്ചലില്‍ തുറമുഖ നിര്‍മാണത്തിന് അനുമതിയുണ്ടാകുന്നത്. തൊട്ടടുത്തു രണ്ടു തുറമുഖങ്ങള്‍ വരുന്നത് വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുമെന്ന ആശങ്ക കേരളത്തിനുണ്ടാകുന്നതു സ്വാഭാവികമാണ്.
തമിഴ്‌നാട്ടിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ചപ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് മോദി നല്‍കിയ വാഗ്ദാനമായിരുന്നു കുളച്ചല്‍ തുറമുഖം. 21,000 കോടി രൂപയുടെ തുറമുഖ പദ്ധതി കന്യാകുമാരിയിലെ യുവാക്കള്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന് മോദി അന്നു പറഞ്ഞു. ഇത്ര വലിയൊരു വികസന പദ്ധതി കന്യാകുമാരിയില്‍ കേന്ദ്രം കൊണ്ടുവരുന്നത് ആദ്യമായാണ് എന്നും മോദി വിശദീകരിച്ചു.
കന്യാകുമാരി എംപിയായ പൊന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം കൂടിയായിരുന്നു കുളച്ചല്‍ തുറമുഖം. രണ്ടിടത്തും തുറമുഖം വരട്ടെ, വിഴിഞ്ഞവും കുളച്ചലും തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കട്ടെ, അതുവഴി രണ്ടിടത്തും ഒരുപോലെ വികസനം സാധ്യമാകട്ടെ എന്നൊക്കെയാണ് പൊന്‍ രാധാകൃഷ്ണന്റെ വാദങ്ങള്‍.
കേരളത്തിന്റെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന വിഴിഞ്ഞം കുളച്ചലുമായി താരതമ്യം ചെയ്താല്‍ ആനയും അമ്പഴങ്ങയും തമ്മിലുള്ള വ്യത്യാസമുണ്ട്. കുളച്ചല്‍ പദ്ധതിയ്ക്കായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് തമിഴ്‌നാട് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിതുടങ്ങിയത്. തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖപദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. 6,000 കോടിരൂപയുടെ കേന്ദ്ര നിക്ഷേപത്തോട് കൂടിയാണ് കുളച്ചല്‍ പൂര്‍ത്തിയാക്കുന്നത്. ചിദംബരം, ചെന്നൈ, കാമരാജ് തുറമുഖങ്ങളാകും കുളച്ചല്‍ തുറമുഖത്തിനായുള്ള കമ്പനിയില്‍ ഓഹരികള്‍ എടുക്കുക.
പദ്ധതിക്ക് അനുമതി നല്‍കിയപ്പോള്‍ കേന്ദ്രം നീക്കിവച്ചിരിക്കുന്നത് 23,000 കോടി രൂപയാണുതാനും. എന്നാല്‍ 7,000 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയില്‍ വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി കേന്ദ്രത്തിന്റെ വകയുള്ളത് വെറും 800 കോടി രൂപ. വിഴിഞ്ഞം കേരളത്തിന്റെയും കുളച്ചല്‍ കേന്ദ്രത്തിന്റെയും പദ്ധതിയുമാണെന്ന പൊന്‍ രാധാകൃഷ്ണന്റെ അവകാശവാദത്തെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇതൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. വിഴിഞ്ഞവും കുളച്ചലും തമ്മിലുള്ള ദൂരം 36 കിലോമീറ്റര്‍ മാത്രമാണ്. 19.8 നോട്ടിക്കല്‍ മൈല്‍ (ഒരു നോട്ടിക്കല്‍ മൈല്‍ 1.852 കിലോമീറ്റര്‍). വിഴിഞ്ഞത്തെപ്പോലെ തന്നെ രാജ്യാന്തര കപ്പല്‍ചാലില്‍ നിന്ന് ഒന്നരമണിക്കൂര്‍ ദൂരമേയുള്ളൂ കുളച്ചലിലേക്കും. രാജ്യാന്തര കപ്പല്‍ ചാലില്‍ നിന്നും വിഴിഞ്ഞതിന്റെ ദൂരം 10 നോട്ടിക്കല്‍ മൈല്‍ ആണ്.
സമുദ്ര തീരത്തിനോട് ചേര്‍ന്ന് കടലിന്റെ അടിത്തട്ടിലുള്ള ആഴം വിഴിഞ്ഞത്തിനാണ് കൂടുതല്‍. വലിയ ചരക്കു കപ്പലുകള്‍ക്ക് വരെ വിഴിഞ്ഞം തുറമുഖത്തേക്ക് പ്രവേശിക്കാനാകും. രണ്ടു സ്ഥലങ്ങളിലും കടലിന്റെ അടിത്തട്ടിന്റെ ആഴം 19 മുതല്‍ 24 അടി വരെ ഉണ്ട്. അടിക്കടിയുള്ള ഡ്രെഡ്ജിങ്ങ് വേണ്ടി വരില്ല എന്ന് രണ്ട് തുറമുഖ പദ്ധതി റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എന്നാല്‍ കുളച്ചല്‍ തുറമുഖത്തില്‍ കടലിനടിയിലുള്ള പാറക്കെട്ടുകള്‍ തിരിച്ചടിയാകും. ഇത് ഡ്രഞ്ചിംഗ് നടത്തി ആഴം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് അടുക്കാനാവുകയുള്ളു.
വിഴിഞ്ഞം കരയില്‍ വെറും 250 ഏക്കര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ കുളച്ചലിനായി തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി 5000 ഏക്കര്‍ സ്ഥലം കൊടുക്കാം എന്ന്
ജയലളിത വാഗ്ദാനം ചെയ്തു. വിഴിഞ്ഞം പദ്ധതിയുടെ ആകെയുള്ള ചെലവ് 7525 കോടി രൂപയെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതില്‍ 2806 കോടി രൂപ പോര്‍ട്ട് നിര്‍മാണത്തിന് വേണ്ടി ചെലവഴിക്കണം. എന്നാല്‍ കുളച്ചലിന്റെ നിര്‍മാണത്തിന്, (പദ്ധതിക്കും, അനുബന്ധ വ്യവസായങ്ങള്‍ക്കും) വേണ്ടി വകയിരുത്തിയിരിക്കുന്നത് 21000 കോടി രൂപയാണ്. അതായത് കേരളം ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി തുക. പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ടോ, പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ തന്നെ ആദ്യ ഘട്ടത്തിന് 6,628 കോടി രൂപയും, രണ്ടും മൂന്നും ഘട്ടത്തിനായി 14000 കോടി രൂപയും അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. അതും
വിഴിഞ്ഞത്തിന് ആകെ 300 ഏക്കര്‍ ഭൂമി, (പദ്ധതിക്കും, അനുബന്ധ വ്യവസായങ്ങള്‍ക്കും) കണക്കാക്കിയപ്പോള്‍ കുളച്ചലിനു 5500 ഏക്കര്‍ ഭൂമി മാറ്റിവെച്ചു കഴിഞ്ഞു. ചുരുങ്ങിയ ചെലവില്‍ ചുരുങ്ങിയ പ്രദേശത്ത് വിഴിഞ്ഞം പോലൊരു അന്താരാഷ്ട്ര തുറമുഖം സാധ്യമാകുമെന്നിരിക്കെ കൂടുതല്‍ തുക ചെലവഴിച്ച് സമീപത്ത് തന്നെ മറ്റൊരു തുറമുഖത്തിന്റെ ആവശ്യകത എന്താണ്?
വിഴിഞ്ഞം പദ്ധതിയില്‍ രാജ്യത്തെ പ്രമുഖ എണ്ണ കമ്പനികളുമായി പങ്കാളിത്തത്തിന് തയ്യാറാവുകയാണ് അധികൃതര്‍. ഗ്രീന്‍ പോര്‍ട്ട് എന്ന നിലയിലും, എണ്ണ, കല്‍ക്കരി തുടങ്ങിയ ബള്‍ക്ക് കാര്‍ഗോ അടക്കമുള്ളവ കൈകാര്യം ചെയ്യാതെ പരിപൂര്‍ണമായും രാജ്യാന്തരകണ്ടയിനര്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി വിഭാവനം ചെയ്ത പദ്ധതിയാണ് വിഴിഞ്ഞം. കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തി കുളച്ചലിന്റെ കാര്യങ്ങള്‍ വേഗത്തിലാക്കാനും വിഴിഞ്ഞത്തെ പിന്തള്ളാനും തമിഴ്‌നാടിനു കഴിയുമെന്നു വന്നാല്‍ കേരളത്തിന്റെ കാത്തിരിപ്പു വിഫലമാകുന്ന സ്ഥിതിയുണ്ടാകും.