കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി മഹിളാകോണ്‍ഗ്രസും

WEBDUNIA|
PRO
PRO
ഡിസിസി, കെപിസിസി പുനഃസംഘടന അവസാന ഘട്ടത്തിലിരിക്കെ അതില്‍ പ്രാതിനിധ്യം ഉറപ്പാക്കാനായി സമ്മര്‍ദ്ദത്തിന് മഹിളാ കോണ്‍ഗ്രസുകാരും ഒരുങ്ങുന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌, കെ എസ്‌ യു എന്നിവര്‍ നടത്തിയ രാഷ്ട്രീയ കലാപത്തിന്റെ മാതൃക പിന്തുടര്‍ന്ന് ശ്രദ്ധ നേടാനാണ് മഹിളകള്‍ ഒരുങ്ങുന്നത്.

ശനിയാഴ്ച്ച എറണാകുളത്തു ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തില്‍ ചില തീരുമാനങ്ങളെടുത്തേക്കും. ജൂലൈ 15 മുതല്‍ മൂന്നുദിവസം നടന്ന നേതൃയോഗത്തില്‍ മഹിള കോണ്‍ഗ്രസുകാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ വിവാദമായിരുന്നു. പാര്‍ട്ടി പരിപാടികളിലും സര്‍ക്കാര്‍ ചടങ്ങുകളിലും ആളെ കൂട്ടാനുളള സംവിധാനം മാത്രമായി വനിതകളെയും മഹിളാ കോണ്‍ഗ്രസിനെയും മാറ്റുന്നതിലെ പ്രതിഷേധം മഹിളാ കോണ്‍ഗ്രസ്‌ പ്രമേയത്തില്‍ പ്രകടിപ്പിച്ചിരുന്നു.

ബോര്‍ഡ്‌-കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയായപ്പോള്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഒഴികെയുളള ഒരു സ്ഥാനവും വനിതകള്‍ക്ക്‌ നല്‍കിയിട്ടില്ല. വനിതാ കമ്മിഷനില്‍ വനിതയായിരിക്കണം ചെയര്‍പേഴ്‌സണ്‍ ആകേണ്ടത് എന്നതുകൊണ്ട് മാത്രമാണ് അതെങ്കിലും കിട്ടിയതെന്നാണ്‌ രഹസ്യമായി പരിഭവം പറയുന്നത്.

ബോര്‍ഡ്‌- കോര്‍പറേഷന്‍ ഡയറക്ടര്‍മാരുടെ ഒഴിവുകള്‍ ഇപ്പോഴും പൂര്‍ണമായി നികത്തിയിട്ടില്ലെന്നത് മഹിളാ കോണ്‍ഗ്രസിനു പ്രതീക്ഷയായിരിക്കുകയാണ്. സര്‍ക്കാരിന്‌ നോമിനേറ്റ്‌ ചെയ്യാവുന്ന എല്ലാ പദവികളിലും സ്‌ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന ആവശ്യം ഇപ്പോള്‍തന്നെ അവര്‍ ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്‌. ഭരണത്തെ ആംഗീകരിച്ചു കൊണ്ട് തന്നെ സംഘടനയെ സജീവമാക്കാനുള്ള ശ്രമമാണ് നിലവിലെ പ്രസിഡന്റ്‌ ബിന്ദു കൃഷ്‌ണയുടെ നേത്രത്വത്തില്‍ നടക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മഹിളാ കോണ്‍ഗ്രസ്‌ കൂടി പരസ്യ വിമര്‍ശകരായി മാറുന്നതില്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ പിന്തുണയുമുണ്ടെന്നാണു പരസ്യമായ രഹസ്യം. മഹിളാ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പ്‌ ആധിപത്യമാണു ഇപ്പോള്‍ നിലവിലുള്ളത്. മന്ത്രിമാരില്‍ ഒന്നിനും പറ്റാത്തവരുണ്ട്‌ എന്ന സുധീരന്റെ വിമര്‍ശനത്തിനെതിരേ പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ എം റോയി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനെതിരേ മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി സ്വപ്‌നാ ജോര്‍ജ് കത്തെഴുതിയിരുന്നു.

സുധീരന്‍ കടലാസു പ്രതിമയല്ലെന്നും മന്ത്രിപദമോഹിയല്ലെന്നും വാദിക്കുന്നതാണ്‌ കത്ത്‌. ഇത്തരമൊരു ലേഖനമെഴുതാന്‍ കെ എം റോയ് തയ്യാറായത് നിഗൂഢ താല്പര്യത്തിനു വഴങ്ങിയാണെന്നു കരുതിയാല്‍ പഴിക്കാനാവില്ലെന്നും സ്വപ്‌നാ ജോര്‍ജ് കത്തില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിലെ ഉള്‍പ്പോര് പതിവില്‍ കവിഞ്ഞ വാര്‍ത്തപ്രാധാന്യം നേടുന്ന സാഹചര്യത്തില്‍ മഹിളകളുടെ അടുത്ത നീക്കവും പൊട്ടിത്തെറിക്കു കാരണമാകുമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :