കഴിഞ്ഞ തവണത്തെ നാടകങ്ങള്‍ ആവര്‍ത്തിക്കരുത്, വി എസിന്‍റെ കാര്യത്തില്‍ പിബി അന്തിമ തീരുമാനമെടുക്കുന്നു!

വി എസ് സ്ഥാനാര്‍ത്ഥിയാകും, പിബി തീരുമാനിക്കും

VS, Pinarayi, Niyamasabha, Election, Oommenchandy, Sudheeran, Chennithala, വി എസ്, പിണറായി, നിയമസഭ, തെരഞ്ഞെടുപ്പ്, സുധീരന്‍, ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല
ന്യൂഡല്‍ഹി| ജോണ്‍ കെ ഏലിയാസ്| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (15:31 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വം തീരുമാനമെടുക്കുന്നു. വി എസ് മത്സരിക്കണമെന്ന നിലപാടില്‍ പി ബി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. വി എസിനെ മത്സരിപ്പിക്കാത്ത സാഹചര്യം ഉണ്ടാവുകയും പിന്നീട് ജനങ്ങളുടെ പ്രതിഷേധത്തിന് ശേഷം കേന്ദ്രം ഇടപെട്ട് മത്സരിപ്പിക്കുകയും ചെയ്തതുപോലെയുള്ള നാടകങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

വി എസ് മത്സരിക്കണമെന്നുതന്നെയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ അഭിപ്രായം. വരുന്ന 11ന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിന് മുമ്പ് വി എസ് മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വി എസ് നേരത്തേ തന്നെ യെച്ചൂരിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം തന്നെ തഴയുമോ എന്ന ആശങ്ക വി എസിനുണ്ട്. അത് അദ്ദേഹം യെച്ചൂരിയുമായി പങ്കുവയ്ക്കുകയും ചെയ്തു. വി എസിനെ മത്സരിപ്പിക്കാനുള്ള തീരുമാനം വേഗത്തിലെടുക്കുകയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയും വേണമെന്നാണ് യെച്ചൂരിയുടെ അഭിപ്രായം.

എന്നാല്‍ വി എസിനെ മത്സരിപ്പിക്കുന്നതില്‍ പരമാവധി എതിര്‍പ്പ് പ്രകടിപ്പിച്ച ശേഷം ആ തീരുമാനം അംഗീകരിക്കാമെന്നൊരു നിശബ്ദ തീരുമാനം സംസ്ഥാനത്തെ ഔദ്യോഗിക പക്ഷം കൈക്കൊണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐകകണ്ഠേനയല്ല വി എസിനുവേണ്ടിയുള്ള തീരുമാനമുണ്ടായത് എന്ന് ബോധ്യപ്പെടുത്താനാണ് ഇത്. തെരഞ്ഞെടുപ്പിന് ശേഷം വി എസിനെ നിയമസഭയില്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കാതിരിക്കാനുള്ള ഒരു കാരണമാക്കി ഇതിനെ മാറ്റാമെന്നും ഔദ്യോഗികപക്ഷം കണക്കുകൂട്ടുന്നു.

തനിക്കൊപ്പം നില്‍ക്കുന്ന ചിലരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വി എസ് കേന്ദ്രനേതൃത്വത്തിന് മുമ്പില്‍ വച്ചിട്ടുണ്ടെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :