ആര്‍ ശങ്കര്‍ എന്ന കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയുടെ ജന്‍മ ശതാബ്ദി ആഘോഷങ്ങള്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ശങ്കര്‍ എന്ന കര്‍മ്മ സാരഥി ജനിച്ചിട്ട് 2008 ഏപ്രില്‍ 30 ന് 99 വര്‍ഷം തികഞ്ഞു. ഇത് അദ്ദേഹത്തിന്‍റെ ജന്‍മ ശതാബ്ദി വര്‍ഷം.
കൊട്ടാരക്കര താലൂക്കില്‍ കുഴിക്കലില്‍ താഴത്തുമുറിയില്‍ രാമന്‍-കുഞ്ചാളി ദമ്പതികളുടെ മകനായി പിറന്ന ശങ്കരന്‍ പിന്നീട് ശങ്കര്‍ എന്ന പേരില്‍ കേരളമൊട്ടാകെ അറിയപ്പെടുന്ന വ്യക്തിത്വമാവുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. നിയമ ബിരുദം നേടി ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് നടത്തുമ്പോഴാണ് ശങ്കര്‍ രാഷ്ട്രീയത്തിലേക്ക് പിച്ചവയ്പ്പ് നടത്തിയത്.
1937ല്‍ നടന്ന സംയുക്ത തെരഞ്ഞെടുപ്പില്‍ സീനിയറായിരുന്ന ടി എം വര്‍ഗീസിനു വേണ്ടിയുള്ള പ്രചാരണ ചുമതല ഏറ്റു. പിന്നീട് പട്ടത്തിന്‍റെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. പിന്നീട് ഇതിന്‍റെ അറിയപ്പെടുന്ന നേതാക്കളിരൊളായി വളര്‍ന്നു. സര്‍ സിപി സ്റ്റേറ്റ് കോണ്‍ഗ്രസിനെ നിരോധിച്ചപ്പോള്‍ ജയിലായി. പിന്നീട് 18 മാസങ്ങള്‍ക്ക് ശേഷം മോചിതനായി. പീന്നീട് വീണ്ടും പാര്‍ട്ടിയുടെ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു. ഇത് വീണ്ടും ജയിലിലേക്കുള്ള വഴിയായി. ഒന്നര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു.
1944 കൊട്ടാരക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പില്‍ സ്വന്തം നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചു. പിന്നീട് എസ് എന്‍ ഡിപിയുടെ പ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രവര്‍ത്തനവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോയി. എസ്‌എന്‍ഡിപി യോഗത്തിന്‍റെ നേതൃസ്ഥാനത്ത് 13 കൊല്ലമാണ് ശങ്കര്‍ നിലയുറപ്പിച്ചത്.