പീഡനക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (12:29 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ വിളയോടി പാറക്കളം സ്വദേശി അജീഷ് (27) അനുജനായ അജയഘോഷ് (22) എന്നിവരാണ് മീനാക്ഷിപുരം പോലീസിന്റെ പിടിയിലായത്.

പിടിയിലായ അജീഷ് പാറക്കളത്തെ ചിന്താ വായനശാലാ ഭാരവാഹിയും പ്രാദേശിക നേതാവുമാണ്. സഹോദരൻ എസ്.എഫ്.ഐ പ്രവർത്തകനാണ്. ഇവർക്കെതിരെ പോലീസ് കേസ് എടുത്തതോടെ ഇവർക്കെതിരെ പാർട്ടി നടപടി ഉണ്ടായതായി സൂചനയുണ്ട്.

പെൺകുട്ടിയുടെ സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണു പോലീസ് പറഞ്ഞത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

എന്നാൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ പോലീസ് പ്രതികളുടെ വിലങ്ങ് അഴിച്ചിരുന്നു. ഇതിനിടെ അജയഘോഷ് പോലീസിനെ കബളിപ്പിച്ചു സമീപത്തെ മതിൽ ചാടുകയും അടുത്തുള്ള ട്രാന്സ്ഫോർമറിൽ പിടിച്ചു ആത്മഹത്യ ചെയ്യാനും ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ പോലീസ് ഇയാളെ രക്ഷപ്പെടുത്തി. കൈക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സിച്ച ശേഷം ജയിലിലേക്ക് മാറ്റി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :