Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (13:01 IST)
തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ചിരിക്കുകയാണ് പൊള്ളാച്ചി പീഡനക്കേസ്. പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്തി ബ്ലാക്ക്മെയിൽ ചെയ്തു പണംതട്ടിയ കേസിൽ തിരുനാവക്കരശ്, ശബരീരാജൻ, സതീഷ്, വസന്തകുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ മൊബൈലിൽ ഇരുനൂറിലധികം പെൺകുട്ടികളുടെ നഗ്ന, പീഡന ദൃശ്യങ്ങളാണുള്ളത്.
പൊള്ളാച്ചിയിലെ പെൺകുട്ടി തന്റെ സഹോദരനോട് പീഡനത്തെ കുറിച്ച് പറയുമ്പോഴാണ് വിവരം പുറംലോകമറിയുന്നത്. 200ലധികം പെൺകുട്ടികളെ ഇവർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. മൊബൈൽ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ പെൺകുട്ടികളെ ചെന്ന് കണ്ട് സംസാരിച്ചെങ്കിലും ഇവരിലാരും പരാതി നൽകാൻ തയ്യാറായിട്ടില്ല. പീഡനമേറ്റ വിവരം പോലും പല പെൺകുട്ടികളും മാതാപിതാക്കളിൽ നിന്നും മറച്ച് വെച്ചിരിക്കുകയാണ്. അതിനാൽ, വീട്ടിലറിയുമെന്ന കാരണമാണ് ഇവരെ പരാതി നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
അതേസമയം, വിഷയം രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം. എന്നാൽ, പ്രതികൾക്കെതിരെ ആദ്യം പരാതി നൽകിയ പെൺകുട്ടിയും വീട്ടുകാരും അഭ്യർഥിക്കുന്നു– ‘ഇതിനെ രാഷ്ട്രീയമായി കാണരുത്. ഒട്ടേറെ പെൺകുട്ടികളുടെ ജീവിതം ഇവർ തകർത്തിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ലോകം അറിയണം’.
‘അണ്ണാ... എന്നെ ഒന്നും ചെയ്യല്ലേ. ഉപദ്രവിക്കരുത്, ഞാൻ പൊയ്ക്കോളാം.’ എന്ന് പറഞ്ഞ് പ്രതികളുടെ കാലു പിടിച്ച് കരയുന്ന പെൺകുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ട് വിറങ്ങലിച്ച് നിൽക്കുകയാണ് പൊലീസ്. അത്രയ്ക്ക് ദയനീയ കാഴ്ചയാണിതെന്ന് ഓരോ പൊലീസും പറയുന്നു.