ഗയ|
Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (18:39 IST)
ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്‌ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ക്രൂരത കാട്ടി പഞ്ചായത്ത് അംഗങ്ങള്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ
തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു. ഗ്രാമത്തിന് നാണക്കേട് ഉണ്ടാക്കിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് അംഗങ്ങള്‍ ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബിഹാറിലെ ഗയ ജില്ലയിലെ ഗ്രാമത്തില്‍ നിന്നും ഈ മാസം 14നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പ്രദേശത്തെ പഞ്ചായത്ത് കെട്ടിടത്തിന് മുകളിലെത്തിച്ച ശേഷം പ്രതികള്‍ കുട്ടിയെ ബലാത്സംഗം ചെയ്‌തു. പീഡനത്തിന് ശേഷം ആറ് പേരും രക്ഷപ്പെടുകയും ചെയ്‌തു.
അബോധാവസ്ഥയിലായ നിലയില്‍ കുട്ടിയെ കണ്ടെത്തിയ വിവരം ഗ്രാമവാസി മാതാപിതാക്കളെ അറിയിച്ചു. ബന്ധുക്കളെത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനു പിന്നാലെയാണ് പഞ്ചായത്ത് അംഗങ്ങള്‍ കൂട്ടമായി കുട്ടിയുടെ വീട്ടിലെത്തി ശിക്ഷ നല്‍കിയത്.
പെണ്‍കുട്ടിയുടെ തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ പരസ്യമായി നടത്തിച്ച സംഘം പ്രതികളെ രക്ഷിക്കാനുള്ള ശ്രമവും നടത്തി. പീഡനവിവരം വെളിപ്പെടുത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. മാതാപിതാക്കള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞതോടെയാണ് പൊലീസ് കേസെടുത്തത്.
കേസെടുത്ത പൊലീസ് ആറുപേരെ ഇതുവരെ കസ്‌റ്റഡിയിലെടുത്തു. പ്രതികളിലൊരാള്‍ അറസ്‌റ്റിലായിട്ടുണ്ട്.
പെണ്‍കുട്ടിക്ക് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ച അഞ്ച് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ഇവരെ കസ്‌റ്റഡിയിലെടുത്തു.