വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 15 നവം‌ബര്‍ 2024 (11:25 IST)
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം തട്ടിയെടുത്ത ശേഷം കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതിയായ യുവതി പോലീസ് പിടിയിലായി. നിലമ്പൂര്‍ പടിക്കുന്ന് കളത്തുംപടിയില്‍ സഫ്‌ന(31) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.

കരുനാഗപ്പള്ളി തഴവ സ്വദേശിയായ കനീഷിന് തായ്‌ലൻഡിലെ കമ്പനിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ കേസിലാണ് അറസ്റ്റ്.
കനീഷിനെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷം പല തവണകളായി 1,20,000 രൂപ പ്രതി കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തായ്‌ലൻഡില്‍ എത്തിച്ചു. അവിടെ നിന്നും പ്രതികളുടെ കംമ്പോഡിയയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു

എന്നാൽ ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കേന്ദ്രത്തില്‍ എത്തിച്ച യുവാവിന്, ഓണ്‍ലൈന്‍ തട്ടിപ്പ് ജോലിയായിരുന്നു നൽകിയിരുന്നത്. ജോലിയില്‍ ഏജന്റുമാര്‍ നിശ്ചയിച്ച ടാര്‍ജറ്റ് പൂര്‍ത്തിയാക്കാത്തതോടെ യുവാവിനെ ശാരീരിക-മാനസിക പീഡനങ്ങൾക്ക് വിധേയനാക്കിയെന്നാണ് കേസ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :