അപർണ|
Last Modified ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (08:48 IST)
ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് പട്ടാപ്പക്കല്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യപിതാവിനെതിരെ കൂടുതല്‍ തെളിവുകൾ. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ ജ്യോതി ആശുപത്രിയില്‍ വെച്ചാണ് രാജ്യത്തെ നടുക്കുന്ന സംഭവം നടന്നത്. പ്രണയ് പെരുമല്ല എന്നയുവാവാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിൽ പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ വിളിച്ച് ഗര്‍ഭം അലസിപ്പിക്കാനും ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വരാനും അച്ഛന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന പെണ്‍കുട്ടിയുടെ വാക്കുകൾ പൊലീസ് കാര്യമായി എടുത്തിട്ടുണ്ട്.
പ്രണയ്‌നെ ഉപേക്ഷിച്ച് വീട്ടിലെത്തിയാല്‍ 3 വര്‍ഷം കഴിയുമ്പോള്‍ കല്യാണം നടത്താമെന്നും അമൃതയുടെ അച്ഛന്‍ പറഞ്ഞു. അമൃത ഇതിന്റെ പേരില്‍ അച്ഛനോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. എന്നാല്‍, അച്ഛന്‍ തന്റെ ഭര്‍ത്താവിനെ ഇതിന്റെ പേരില്‍ കൊലപ്പെടുത്തുമെന്ന് കരുതിയില്ലെന്നും ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ താന്‍ തിരിച്ചുചെല്ലുമെന്ന് കരുതിയാകാം പ്രണയ്യെ അച്ഛന്‍ കൊലപ്പെടുതിയതെന്നും അമൃത പറഞ്ഞു.
ഗര്‍ഭിണിയായ അമൃതയുമൊത്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങി ഗേറ്റിനടുത്തെത്തിയപ്പോൾ പിന്നിൽ നിന്ന് ഒരാൾ വടിവാൾ കൊണ്ട് പ്രണയ്‌നെ വെട്ടുകയായിരുന്നു. ആദ്യ വെട്ടില്‍ താഴെ വീണ പ്രണയ്‌നെ ഒരു വെട്ട്കൂടെ വെട്ടി കൊലപാതകി സ്ഥലം വിടുകയായിരുന്നു.
സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ആറ് മാസം മുമ്പാണ് അവര്‍ണനായ പ്രണയ് സവര്‍ണയായ അമൃതയെ വിവാഹം ചെയ്തത്. അമൃത മൂന്ന് മാസം ഗര്‍ഭിണിയാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രണയ് മരിച്ചിരുന്നു. അതേസമയം, കൊലപാതകം നടത്തിയത് അമൃതയുടെ പിതാവാണെന്ന് ആരോപിച്ച് പ്രണയ്‌ന്റെ കുടുംബം രംഗത്തെത്തിയിരുന്നു.