കോളേജ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ: ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി

19കാരായ വിദ്യാര്‍ഥികള്‍ അതേ കോളേജില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് മയക്കുമരുന്ന് നല്‍കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

Last Modified വ്യാഴം, 4 ജൂലൈ 2019 (14:34 IST)
ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അഞ്ച് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ‍. ദക്ഷിണ കര്‍ണാടകയിലാണ് സംഭവം. 19കാരായ വിദ്യാര്‍ഥികള്‍ അതേ കോളേജില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് മയക്കുമരുന്ന് നല്‍കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

മാര്‍ച്ചിലാണ് സംഭവം നടന്നത്. അഞ്ചു പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി നേരിട്ട് പരിചയമുള്ള വ്യക്തിയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍ വനപ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സംഘം ബലമായി മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി.

പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. കുറ്റവാളികള്‍ക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ‍, മയക്കുമരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദ് അറിയിച്ചു.

സമൂഹമാധ്യമങ്ങളില്‍ നിന്നും സൈബര്‍ പൊലീസ് ദൃശ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. അത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :