അപർണ|
Last Modified ചൊവ്വ, 1 ജനുവരി 2019 (15:11 IST)
തായ്‌ലാന്‍ഡില്‍ പുതുവത്സര ആഘോഷത്തിനിടെ യുവാവ് മക്കളെ അടക്കം ആറ് പേരെ ദാരുണാമായി കൊലപ്പെടുത്തി. ആക്രമണം നടത്തിയ യുവാവും വെടിവച്ച് മരിച്ചു. ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന യുവാവിന്റെ തോന്നലാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത്.
തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്‌ഫോണിലാണ് സംഭവം. സുചീപ് സോണ്‍സങ് എന്ന യുവാവാണ് കൂട്ടക്കൊല നടത്തിയത്. ഭാര്യയുടെ കുടുംബത്തിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുചീപ് പത്തു മിനിറ്റിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു.
ഒമ്പത് വയസ്സുള്ള മകനും ആറു വയസ്സുള്ള മകളും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരേയും സുചീഫ് വകവരുത്തി. 47 വയസ്സിനും 71 വയസ്സിനും മധ്യേ പ്രായമുള്ള രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. മിക്കവരുടെയും തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. മരുമകനായ തന്നെ ഭാര്യയുടെ വീട്ടുകാര്‍ വേണ്ടപോലെ സ്വീകരിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു സുചീഫ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.