6 വയസുകാരിയെ രണ്ടാനമ്മ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞുകൊന്നു, കുഞ്ഞ് വീണത് ‘അമ്മേ...’ എന്ന് കരഞ്ഞുകൊണ്ട്

ചെന്നൈ, കൊലപാതകം, രാഘവി, സൂര്യകല, ക്രൈം, Chennai, Murder, Raghavi, Suryakala, Crime
ചെന്നൈ| അജി സന്ദീപ്| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (18:33 IST)
ചെന്നൈ ക്രോംപേട്ട് ഹസ്തിനപുരത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മ വീടിന്‍റെ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. പാര്‍ത്ഥിപന്‍ - ശരണ്യ ദമ്പതികളുടെ മകള്‍ രാഘവി(6) ആണ് മരിച്ചത്. പാര്‍ത്ഥിപന്‍റെ രണ്ടാം ഭാര്യയായ സൂര്യകലയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

2014ല്‍ ശരണ്യ മരിച്ചതിന് ശേഷമാണ് പാര്‍ത്ഥിപന്‍ സൂര്യകലയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒന്നര വയസുള്ള ആണ്‍കുട്ടി ഇവര്‍ക്കുണ്ട്. രാഘവിയുടെ കാര്യങ്ങള്‍ നോക്കുന്നതിനായി ശരണ്യയുടെ അമ്മ വളര്‍മതിയും ഇവര്‍ക്കൊപ്പമാണ് താമസം. ഇത് സൂര്യകലയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇക്കാര്യത്തെച്ചൊല്ലി സൂര്യകലയും പാര്‍ത്ഥിപനും തമ്മില്‍ വഴക്കിടുക പതിവായിരുന്നു. രാഘവിയെയും അമ്മൂമ്മ വളര്‍മതിയെയും വീട്ടില്‍ നിന്ന് മാറ്റിത്താമസിപ്പിക്കണമെന്ന് താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പാര്‍ത്ഥിപന്‍ അത് ചെവിക്കൊണ്ടില്ലെന്ന് പൊലീസിനോട് വ്യക്തമാക്കി.

താന്‍ ബി എസ് സി നഴ്‌സിംഗ് പാസായ ആളാണെന്നും എന്നാല്‍ ജോലിക്ക് പോകുന്നില്ലെന്നും സൂര്യകല പറഞ്ഞു. ഇപ്പോള്‍ താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നും എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ ‘നമുക്ക് ഇപ്പോള്‍ രണ്ട് കുട്ടികളുണ്ടെന്നും മൂന്നാമതൊരു കുഞ്ഞ് വേണ്ടാ’ എന്നും പാര്‍ത്ഥിപന്‍ പറഞ്ഞതായും സൂര്യകലയുടെ മൊഴിയില്‍ പറയുന്നു.

ഈ കാരണത്താല്‍ വഴക്ക് പതിവായപ്പോള്‍ രാഘവിയെ കൊല്ലാന്‍ സൂര്യകല തീരുമാനിച്ചു. എന്നാല്‍ രാഘവിക്കൊപ്പം എപ്പോഴും അമ്മൂമ്മ വളര്‍മതി ഉള്ളതിനാല്‍ അതത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ആയുധപൂജയ്ക്കായി വളര്‍മതി നാട്ടിലേക്ക് പോയപ്പോള്‍ ഇതുതന്നെ പറ്റിയ സമയമെന്ന് സൂര്യകലയ്ക്ക് തോന്നി. രാഘവിയെ സ്നേഹപൂര്‍വം സൂര്യകല ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാഘവി അവിടെ കളിക്കാനാരംഭിച്ചു. പെട്ടെന്ന് സൂര്യകല രാഘവിയെ എടുത്ത് താഴേക്കെറിഞ്ഞു. ‘അമ്മേ...’ എന്ന് കരഞ്ഞുകൊണ്ടാണ് രാഘവി താഴേക്ക് ചെന്നുവീണതെന്നും സൂര്യകല പൊലീസിനോട് വ്യക്തമാക്കി.

കുഞ്ഞിനെ കാണാനില്ലെന്ന രീതിയില്‍ ഉടന്‍ തന്നെ താന്‍ അഭിനയിക്കാന്‍ ആരംഭിച്ചുവെന്നും അയല്‍ക്കാരുടെ സഹായത്തോടെ രാഘവിയെ വീണുകിടക്കുന്ന നിലയില്‍ താഴെ നിന്ന് കണ്ടെത്തിയെന്നും സൂര്യയുടെ മൊഴിയില്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. എന്നാല്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഒടുവില്‍ സൂര്യകല കുറ്റം സമ്മതിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :