Last Modified വ്യാഴം, 6 ജൂണ്‍ 2019 (11:49 IST)
സ്വകാര്യ വിമാനക്കമ്പനിയിൽ എയർ ഹോസ്റ്റസായ യുവതി മുംബൈയിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് ഇതേ വിമാനക്കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വപ്‌നിൽ ബദോനിയ എന്ന 23 കാരനാണ് അറസ്റ്റിലായത്. ഇയാൾ യുവതിയുടെ പരിചയക്കാരനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഹൈദരബാദിൽ നിന്ന് മുംബൈയിലേക്ക് വന്ന വിമാനത്തിൽ യുവതി ഡ്യൂട്ടി കഴിഞ്ഞ ശേഷം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി. ഇവിടെ വച്ച് മുൻപരിചയക്കാരനായിരുന്ന സ്വപ്നിൽ ബദോനിയയ്ക്കൊപ്പം കാറിൽ കയറി വീട്ടിലേക്ക് പോയി.അതിനുശേഷം ബദോനിയ താമസിക്കുന്ന മലാദ് മാളിന് അടുത്ത് യുവതി എത്തി. ഇവിടെ അടുത്തുള്ള ബാറിൽ കയറി ഇരുവരും മദ്യപിച്ചു. പിന്നീട് ഹോട്ടൽ മുറി അന്വേഷിച്ചെങ്കിലും അത് ലഭിക്കാത്തതിനെ തുടർന്ന് ബദോനിയ, യുവതിയുമായി സ്വന്തം ഫ്ലാറ്റിലെത്തി.
പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതിക്ക് മനസിലായത്. അപ്പോൾ മുറിയിൽ മറ്റൊരു സ്ത്രീയും ബദോനിയയെ കൂടാതെ രണ്ടു പുരുഷൻമാരും ഉണ്ടായിരുന്നു. ഇവരോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആരും ഒന്നും മിണ്ടിയില്ല. പിന്നീട് വീട്ടിലെത്തി അച്ഛനോട് വിവരം പറഞ്ഞശേഷം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസിന്‍റെ നിർദേശപ്രകാരം ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി. പരിശോധനയിൽ ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.ബദോനിയയെ ജൂൺ പത്ത് വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.