അഭിറാം മനോഹർ|
Last Modified ബുധന്‍, 8 നവംബര്‍ 2023 (19:06 IST)
ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ സെമി ഫൈനല്‍ ലൈനപ്പ് തെളിഞ്ഞുതുടങ്ങിയിരിക്കുകയാണ്. ആദ്യ സ്ഥാനത്ത് ഇന്ത്യയും പിന്നാലെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ആദ്യ മൂന്ന് സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയയുമായി പരാജയപ്പെട്ടതോടെ നാലാം സ്ഥാനത്തേക്ക് ന്യുസിലന്‍ഡ് എത്തുമെന്നും ഏറെക്കുറെ തീര്‍ച്ചയായിരിക്കുകയാണ്.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയാണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. ടൂര്‍ണമെന്റിലെ മോശം ടീമുകളില്‍ ഒന്നായി മാറിയ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് അനായാസമായ വിജയം നേടുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ കരുതുന്നത്. ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് ഒരു റണ്‍സിന്റെ വിജയം നേടിയാല്‍ പോലും ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയിലെത്താന്‍ പാകിസ്ഥാന് ഇംഗ്ലണ്ടിനെ 135 റണ്‍സിന് മറികടക്കുകയോ അല്ലെങ്കില്‍ 27 ഓവറിനുള്ളില്‍ കളി തീര്‍ക്കുകയോ വേണം.
ന്യൂസിലന്‍ഡ് 25 റണ്‍സിന് വിജയിക്കുകയാണെങ്കില്‍ പാകിസ്ഥാന് 154 റണ്‍സിന് വിജയിക്കുകയോ 25 ഓവറില്‍ സ്കോര്‍ മറികടക്കുകയോ ചെയ്യേണ്ടതായി വരും. 50 റണ്‍സിനാണ് വിജയമെങ്കില്‍ ഇത് 177 റണ്‍സും 21 ഓവറായും ചുരുങ്ങും. അതിനാല്‍ തന്നെ ശ്രീലങ്കയുമായുള്ള വിജയം ന്യൂസിലന്‍ഡിനെ സെമി ഉറപ്പിക്കാന്‍ സഹായിക്കും. നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്ക ന്യൂസിലന്‍ഡിന് ഭീഷണി സൃഷ്ടിക്കാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ 2019ന് സമാനമായി ഒരു ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടത്തിനാകും ഈ ലോകകപ്പില്‍ കളമൊരുങ്ങുന്നത്.