സ്വാര്‍ഥതയെന്ന് നാട്ടുകാര്‍ പറയുമെന്ന് കോലി പറഞ്ഞു, സിംഗിളുകള്‍ ഓടാതിരുന്നത് എന്റെ തീരുമാനം: കെ എല്‍ രാഹുല്‍

അഭിറാം മനോഹർ| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (09:20 IST)
ബംഗ്ലാദേശിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ സെഞ്ചുറി നേടി വിരാട് കോലി മത്സരത്തിലെ താരമായെങ്കിലും മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടികള്‍ സ്വന്തമാക്കിയത് ഇന്ത്യന്‍ താരമായ കെ എല്‍ രാഹുലായിരുന്നു. മത്സരത്തില്‍ കോലി സെഞ്ചുറി സ്വന്തമാക്കാനായി സ്ട്രൈക്ക് പോലും സ്വന്തമാക്കാതെ നീണ്ട സമയം രാഹുല്‍ നോണ്‍ സ്ട്രൈക്കർ എന്‍ഡില്‍ തുടര്‍ന്നിരുന്നു. സിംഗിളുകളിലൂടെ റണ്‍സ് ഉയര്‍ത്താതെ വ്യക്തിഗത നേട്ടം ലക്ഷ്യമാക്കി ബാറ്റ് വീശിയ കോലിയുടെ ഇന്നിങ്ങ്‌സ് സ്വാര്‍ഥമാണെന്ന് ഇതോടെ വിമര്‍ശനം ഉയരുകയും ചെയ്തു. ഈ വിമര്‍ശനങ്ങള്‍ക്കെതിരെയും കെ എല്‍ രാഹുല്‍ രംഗത്തെത്തി.

മത്സരശേഷമാണ് കോലിയുടെ ഇന്നിങ്ങ്‌സ് സ്വാര്‍ഥത നിറഞ്ഞതെന്ന് ആരോപിക്കുന്നവര്‍ക്ക് കെ എല്‍ രാഹുല്‍ മറിപടി നല്‍കിയത്. സെഞ്ചുറി ലക്ഷ്യമാക്കി കളിക്കാന്‍ കോലിയോട് ആവശ്യപ്പെട്ടത് താനാണെന്ന് രാഹുല്‍ പറയുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 26 റണ്‍സ് ആവശ്യമായത് മുതല്‍ എല്ലാ പന്തുകളും നേരിട്ടത് കോലിയായിരുന്നു. മൂന്ന് ഓവറുകള്‍ കളിച്ച ശേഷമാണ് കോലി സെഞ്ചുറി കുറിച്ചത്. ഇതിനിടെ കോലി സിംഗിളിന് ശ്രമിച്ചെങ്കിലും കെ എല്‍ രാഹുല്‍ അതിന് തയ്യാറായിരുന്നില്ല. ഇതിനെ പറ്റി രാഹുല്‍ പറയുന്നത് ഇങ്ങനെ.

ഞാന്‍ സിംഗിള്‍ ഓടാതിരുന്നപ്പോള്‍ അത് മോശമാണെന്നും താന്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് ആളുകള്‍ പറയുമെന്നും കോലി എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ മത്സരം നമ്മള്‍ അനായാസമായി ജയിക്കാന്‍ പോവുകയായിരുന്നു. സെഞ്ചുറി കൂടി സ്വന്തമാക്കു എന്ന് ഞാനാണ് മറുപടി കൊടുത്തത്. കെ എല്‍ രാഹുല്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :