അഭിറാം മനോഹർ|
Last Modified ചൊവ്വ, 17 ഒക്ടോബര്‍ 2023 (14:43 IST)
ലോകകപ്പില്‍ ഓസ്ട്രേലിയയേയും പാകിസ്ഥാനെയും തകര്‍ത്തുകൊണ്ട് മിന്നുന്ന ഫോമിലാണ് ഇന്ത്യ. ബാറ്റര്‍മാര്‍ക്കൊപ്പം ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ മികവ് പുലര്‍ത്തുന്നത് ഇന്ത്യയെ അപകടകാരികളാക്കുന്നു. മുന്‍നിരയ്ക്കൊപ്പം തന്നെ മധ്യനിരയും മികവിലേക്കുയര്‍ന്നു എന്നത് വലിയ ആശ്വാസമാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള അടുത്ത മത്സരം പൂനെയില്‍ 19ന് നടക്കാനിരിക്കെ വമ്പന്‍ നേട്ടങ്ങളാണ് മത്സരത്തില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെയും വിരാട് കോലിയേയും കാത്തിരിക്കുന്നത്.
പുനെയിലെ സ്റ്റേഡിയത്തില്‍ കളിച്ച 7 ഏകദിനങ്ങളില്‍ നിന്നും 448 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 64 റണ്‍സ് ശരാശരിയില്‍ 2 സെഞ്ചുറികള്‍ സഹിതമാണ് ഈ നേട്ടം. ബംഗ്ലാദേശിനെതിരെ 15 ഏകദിനങ്ങളില്‍ നിന്നും 67.25 റണ്‍സ് ശരാശരിയില്‍ 807 റണ്‍സും കോലി സ്വന്തമാക്കിയിട്ടുണ്ട്. 4 സെഞ്ചുറികളാണ് കോലി ബംഗ്ലാദേശിനെതിരെ നേടിയിട്ടുള്ളത്. പുനെയില്‍ നടക്കുന്ന മത്സരത്തില്‍ ഇത് അഞ്ചാക്കി ഉയര്‍ത്തന്‍ കോലിയ്ക്ക് അവസരമുണ്ട്.
അതേസമയം രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരെ 16 ഏകദിനങ്ങളില്‍ നിന്നും 56.77 റണ്‍സ് ശരാശരിയില്‍ 768 റണ്‍സാണ് നേടിയിട്ടുള്ളത്. 3 സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ രണ്ടെണ്ണവും സംഭവിച്ചത് ലോകകപ്പില്‍ വെച്ചാണ്. ബംഗ്ലാദേശിനെതിരെ വീണ്ടും ഒരു സെഞ്ചുറി നേടാന്‍ സാധിക്കുകയാണെങ്കില്‍ തുടര്‍ച്ചയായ 3 ലോകകപ്പുകളില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടാന്‍ രോഹിത്തിന് സാധിക്കും.