അഭിറാം മനോഹർ|
Last Modified വെള്ളി, 17 നവംബര്‍ 2023 (20:15 IST)
ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കിരീടവിജയികളാരാകും എന്നതറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ലോകകപ്പിലെ ഒരു ഘട്ടത്തിലും തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യയും ആദ്യ 2 മത്സരങ്ങളിലെ തോല്‍വിക്ക് പിന്നാലെ ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലില്‍ ഇടം ഉറപ്പിച്ച ഓസ്‌ട്രേലിയയുമാണ് ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
ബാറ്റര്‍മാര്‍ക്കൊപ്പം ബൗളര്‍മാരും മികച്ച പ്രകടനം നടത്തുന്നു എന്നതിനാല്‍ തന്നെ ലോകകപ്പില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ വമ്പന്‍ ടൂര്‍ണമെന്റുകളിലെ പ്രധാനഘട്ടങ്ങളില്‍ കാലിടറുന്നുവെന്ന ഇന്ത്യയുടെ ചരിത്രം ഇന്ത്യയ്ക്ക് ഒരു നെഗറ്റീവാണ്. ബൗളിംഗിനൊപ്പം ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇത്തവണത്തെ ഇന്ത്യയുടെ വിജയകുതിപ്പിന്റെ അടിസ്ഥാനം. ഇപ്പോഴിതാ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ കോലിയുടെയോ രോഹിത്തിന്റെയും പ്രകടനമായിരിക്കില്ല ശ്രേയസ് അയ്യരുടെ പ്രകടനമാകും ഇന്ത്യയ്ക്ക് നിര്‍ണായകമാവുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍.
ശ്രേയസാണ് ഈ ലോകകപ്പിലെ മികച്ച ഗെയിം ചെയ്ഞ്ചര്‍. പരിക്കിന്റെ പിടിയില്‍ നിന്നും വളരെ കഷ്ടപ്പെട്ടാണ് അവന്‍ ടീമില്‍ സ്ഥാനം നേടിയെടുത്തത്. നോക്കൗട്ട് ഘട്ടത്തില്‍ 70 പന്തില്‍ സെഞ്ചുറി നേടുകയെന്നത് ചില്ലറ കാര്യമല്ല. ആദം സാമ്പ,ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിങ്ങനെ മികച്ച സ്പിന്നര്‍മാരുള്ള ഓസീസ് നിരയ്‌ക്കെതിരെ കളിക്കുമ്പോള്‍ ശ്രേയസിന്റെ സാന്നിധ്യം നിര്‍ണായകമാകും. ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്ക്ക് പ്രധാന തലവേദന നാലാം നമ്പര്‍ താരമായിരുന്നുവെങ്കില്‍ ഈ ലോകകപ്പില്‍ നാലാം സ്ഥാനത്തിറങ്ങി 75.14 ശരാശരിയില്‍ 526 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തിരിക്കുന്നത്. 2 സെഞ്ചുറികളും 3 അര്‍ധസെഞ്ചുറികളും അടക്കമാണ് ഈ നേട്ടം. ലോകകപ്പില്‍ 500 റണ്‍സ് നേടുന്ന ഇന്ത്യയുടെ ആദ്യത്തെ മധ്യനിര ബാറ്ററെന്ന നേട്ടവും ഇതിനൊപ്പം ശ്രേയസ് സ്വന്തമാക്കിയിരുന്നു. സ്പിന്നര്‍മാരെ നേരിടാനുള്ള കഴിവാണ് മധ്യഓവറുകളില്‍ ശ്രേയസിനെ അപകടകാരിയാക്കുന്നത്.