Last Modified ചൊവ്വ, 2 ജൂലൈ 2019 (18:09 IST)
ലോകകപ്പിന്റെ അലയൊളികൾ അവസാനിച്ചിട്ടില്ല. ആരാകും കപ്പ് സ്വന്തമാക്കുക എന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ പോയിന്റുകൾ അനുസരിച്ച് ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ന്യൂസിലൻഡിനുമാണ് മുൻതൂക്കം. എന്നാൽ, കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം.
ഇന്നത്തെ മാച്ച് കൂടി കുട്ടുമ്പോൾ 7 കളികളാണ്
ഇന്ത്യ ഇതുവരെ കളിച്ചത്. ഒരു കളി മഴ കൊണ്ടുപോയി. ഇനി ഒരെണ്ണം ബാക്കിയുണ്ട്. ബംഗ്ലാദേശിനെതിരായ ഇന്നത്തെ മത്സരത്തിലും രോഹിത് ശർമ സെഞ്ച്വറി അടിച്ചു. 90 പന്തുകളിലാണ് രോഹിത്തിന്റെ സെഞ്ച്വറി നേട്ടം. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിനൊപ്പം രോഹിത്ത് എത്തി. നാല് സെഞ്ച്വറികളാണ് രോഹിത്ത് ഈ ലോകകപ്പില്‍ നേടിയിരിക്കുന്നത്.
ഏകദിനത്തില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഹിറ്റ്‌മാന് കരസ്ഥമാക്കി. 228 സിക്‌സുകള്‍ നേടിയ എം എസ് ധോണിയെയാണ് രോഹിത് മറികടന്നത്. 4 സെഞ്ച്വറിയും 1 അർധ സെഞ്ച്വറിയുമാണ് രോഹിതിന്റെ കൈവശമുള്ളത്. 7 കളികളിൽ നിന്നായി 53 ബൌണ്ടറിയാണ് രോഹിത് നേടിയത്. ഏറ്റവും കൂടുതൽ ബൌണ്ടറി നേടിയ താരവും ഈ ഇന്ത്യൻ ഓപ്പൺ തന്നെയാണ്.
അതോടൊപ്പം, ഈ ടൂർണമെന്റിലെ ഇതുവരെയുള്ള മത്സരങ്ങളുടെ കണക്കെടുത്ത് നോക്കിയാൽ കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഹിറ്റ് മാൻ ആണുള്ളത്. 7 കളികളിലായി 544 റൺസാണ് രോഹിതിന്റെ കൈവശമുള്ളത്.
8 മാച്ചുകളിൽ നിന്നും 516 റൺസെടുത്ത ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ ആണ് രണ്ടാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നാലെ ഓസിസിന്റെ തന്നെ ആരോൺ ഫിഞ്ചുമുണ്ട്. 504 റൺസാണ് ഫിഞ്ചിന്റെ സമ്പാദ്യം. 476 റൺസുമായി നാലാം സ്ഥാനത്ത് രണ്ട് പേരാണുള്ളത്. ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനും ഇംഗ്ലണ്ടിന്റെ ജോ റൂട്ടും.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 7 ആം സ്ഥാനത്താണുള്ളത്. 408 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. 249 റൺസ് സ്വന്തമാക്കി പട്ടികയിൽ 20 ആം സ്ഥാനത്തുള്ള കെ ൽ രാഹുൽ ആണ് മറ്റൊരു ഇന്ത്യൻ താരം.