സജിത്ത്|
Last Modified ചൊവ്വ, 4 ജൂലൈ 2017 (09:49 IST)
വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ നിന്ന് യുവരാജ് സിംഗ് പുറത്തായതിന് പിന്നില്‍ പരുക്കെന്ന് സൂചന. പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലയാണ് ഇക്കാര്യം സംബന്ധിച്ച സൂചന പുറത്ത് വിട്ടത്. കാലിന്റെ പിന്തുട ഞരമ്പിന് ഏറ്റ പരിക്കാണ് ഈ മുതിര്‍ന്ന താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നത്.
വെസ്റ്റിന്‍ഡീസിനെതിരെ
ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയ മത്സരത്തില്‍ യുവരാജ് സിങ്ങിന് പകരമായി ദിനേശ് കാര്‍ത്തിക് ആയിരുന്നു കളിച്ചത്. എന്നാല്‍ ബാറ്റിങ് ദുഷ്ക്കരമായ പിച്ചില്‍ 19 പന്ത് നേരിട്ട കാര്‍ത്തിക് കേവലം രണ്ട് റണ്‍സ് മാത്രമാണ് എടുത്തത്. യുവരാജ് സിങ്ങിനെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന മുറവിളി പലഭാഗത്ത് നിന്നും ഉയരുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ യുവരാജിന്റെ നീല ജഴ്സിയിലുളള കരിയര്‍ തന്നെ അവസാനിച്ചതായി ചില ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
അതെസമയം ചാമ്പ്യന്‍സ് ട്രോഫി മുതല്‍ വളരെ മോശം പ്രകടനമാണ് യുവരാജ് ടീം ഇന്ത്യയ്ക്കായി കാഴ്ച്ചവെക്കുന്നത്. കൂടാതെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ യുവി പുറത്തായ രീതിയും ഏറെ വിമര്‍ശിക്കപ്പെട്ട ഒന്നായിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇതുവരെ ബാറ്റ്കൊണ്ട് തിളങ്ങാന്‍ ഈ 36കാരന് കഴിഞ്ഞിട്ടില്ല. 4, 14, 39 എന്നിങ്ങനെയായിരുന്നു വിന്‍ഡീസിനെതിരെ യുവരാജിന്റെ പ്രകടനം.
യുവതാരം റിഷഭ് പന്തിനായി യുവരാജിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായവും ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. യുവരാജിന് വിരമിക്കാനുളള അവസരമായി വെസ്റ്റിന്‍ഡീസ് പര്യടനം ഉപയോഗിക്കണമെന്നാണ് ഇവര്‍ വാദിക്കുന്നത്. ടീം ഇന്ത്യയില്‍ മറ്റാര്‍ക്കും ലഭിക്കാത്ത സൗഭാഗ്യമാണ് യുവരാജിന് ലഭിച്ചിരിക്കുന്നതെന്നും അത് ഫലപ്രദമായി ഉപയോഗിച്ച് മാന്യമായി വിരമിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതിനിടെയാണ് യുവരാജിന് പരുക്കേറ്റത്. ഇതോടെ വിന്‍ഡീസിനെതിരെ അഞ്ചാം ഏകദിനത്തില്‍ യുവി ഇനി കളിക്കുന്ന കാര്യം കണ്ടറിയുകതന്നെ വേണം.