ലോക ചാംപ്യന്‍ ടീമിനെ പഞ്ഞിക്കിട്ട് ലോകകപ്പ് പോലും കളിക്കാത്തവര്‍; സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യക്ക് തോല്‍വി !

നായകന്‍ ശുഭ്മാന്‍ ഗില്‍ 29 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയെങ്കിലും ടോപ് ഓര്‍ഡറില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല

Zimbabwe
രേണുക വേണു| Last Modified ശനി, 6 ജൂലൈ 2024 (20:08 IST)
Zimbabwe

ട്വന്റി 20 ലോകകപ്പ് ചാംപ്യന്‍മാരായ ഇന്ത്യയെ തോല്‍പ്പിച്ച് ലോകകപ്പിന് യോഗ്യത പോലും നേടാതിരുന്ന സിംബാബ്വെ. ആദ്യ ട്വന്റി 20 മത്സരത്തില്‍ 13 റണ്‍സിനാണ് സിംബാബ്വെ ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 102 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി.

നായകന്‍ ശുഭ്മാന്‍ ഗില്‍ 29 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയെങ്കിലും ടോപ് ഓര്‍ഡറില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. അരങ്ങേറ്റ മത്സരത്തിനു ഇറങ്ങിയ അഭിഷേക് ശര്‍മ പൂജ്യത്തിനു പുറത്തായി. റിയാന്‍ പരാഗ് (മൂന്ന് പന്തില്‍ രണ്ട്), ധ്രുവ് ജുറല്‍ (14 പന്തില്‍ ഏഴ്) എന്നിവരുടെ അരങ്ങേറ്റവും നിരാശപ്പെടുത്തുന്നതായി. ഋതുരാജ് ഗെയ്ക്വാദ് ഒന്‍പത് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി. റിങ്കു സിങ്ങിനും റണ്‍സൊന്നും എടുക്കാനായില്ല. വാലറ്റത്ത് വാഷിങ്ടണ്‍ സുന്ദര്‍ (34 പന്തില്‍ 27), ആവേശ് ഖാന്‍ (12 പന്തില്‍ 16) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല.

സിംബാബ്വെയ്ക്കായി പേസര്‍ ടെന്‍ഡയ് ചത്താര 3.5 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകന്‍ സിക്കന്തര്‍ റാസയ്ക്കും മൂന്ന് വിക്കറ്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :