അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 ഡിസംബര്‍ 2023 (14:21 IST)
ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ തോറ്റത് ഗുണമായി മാറിയത് ഇന്ത്യയ്ക്ക്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 360 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് പാക് ടീം വഴങ്ങിയത്. പാകിസ്ഥാന്‍ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍
ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
പെര്‍ത്ത് ടെസ്റ്റിന് മുന്‍പ് കളിച്ച 2 ടെസ്റ്റിലും വിജയിച്ച പാകിസ്ഥാന്‍ 24 പോയിന്റും 100 ശതമാനം വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്നു. പാകിസ്ഥാന്‍ തോറ്റതോടെ 16 പോയന്റും 66.67 വിജയശതമാനവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. രണ്ട് ടെസ്റ്റുകളില്‍ ഒരു വിജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 3 കളികളില്‍ 24 പോയിന്റും 66.67 വിജയശതമാനവുമായി പാകിസ്ഥാനാണ് പട്ടികയില്‍ രണ്ടാമതുള്ളത്.
2 ടെസ്റ്റില്‍ ഒരു വിജയവും ഒരു തോല്‍വിയും അടക്കം 12 പോയന്റും 50 വിജയ്ശതമാനവുമുള്ള ന്യൂസിലന്‍ഡാണ് പട്ടികയില്‍ മൂന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇതുവരെയും കളിക്കാത്ത ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യയ്ക്ക് ഇനി മത്സരമുള്ളത്. ഈ മാസം 26നാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് നടക്കുക.