രേണുക വേണു|
Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (12:39 IST)
വിരാട് കോലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ തുടങ്ങിയ മഹാരഥന്‍മാര്‍ ഉണ്ടെങ്കിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുമ്പോള്‍ ന്യൂസിലന്‍ഡ് പേടിക്കുന്നത് മറ്റൊരു ഇന്ത്യന്‍ താരത്തെ. ഏത് നിമിഷവും കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് എന്ന് ന്യൂസിലന്‍ഡ് ടീമിന് മുന്നറിയിപ്പ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പന്ത് പുറത്തെടുത്ത മികവ് തുടര്‍ന്നാല്‍ എതിരാളികള്‍ പ്രതിരോധത്തിലാകുമെന്നാണ് കിവീസ് ടീം മാനേജ്‌മെന്റ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുന്ന താരമാണ് പന്ത്. കളിയുടെ ഗതി എപ്പോള്‍ വേണമെങ്കിലും അദ്ദേഹം മാറ്റും. റിഷഭ് പന്തിന്റെ ആത്മധൈര്യം മറ്റ് ടീം അംഗങ്ങള്‍ക്കും പ്രചോദനമാണ്. അതുകൊണ്ട് പന്തിനെ കൂടുതല്‍ ശ്രദ്ധിക്കണം. വിക്കറ്റിനു പിന്നിലും പന്ത് അപകടകാരിയാണ്. ബാറ്റിങ് ട്രാക്ക് നിമിഷനേരം കൊണ്ട് മാറ്റാനുള്ള അസാമാന്യ കഴിവും പന്തിനുണ്ട്. അതുകൊണ്ട് പന്തിനെ പ്രതിരോധത്തിലാക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് കിവീസ് ടീം മാനേജ്‌മെന്റ് പറയുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന പരിശീലന മത്സരത്തില്‍ വെറും 94 പന്തില്‍ നിന്നാണ് പന്ത് 121 റണ്‍സുമായി പുറത്താകാതെ നിന്നത്.