രേണുക വേണു|
Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (09:58 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പ്രതിരോധത്തിലായിരിക്കുകയാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ നേടിയ 217 റണ്‍സ് പിന്തുടരുന്ന കിവീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശക്തമായ നിലയില്‍. ന്യൂസിലന്‍ഡ് 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ കെയ്ന്‍ വില്യംസണ്‍ (12 റണ്‍സ്), റോസ് ടെയ്ലര്‍ (പൂജ്യം) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഡെവോന്‍ കോണ്‍വേ (153 പന്തില്‍ 54 റണ്‍സ്) ടോം ലാതം (104 പന്തില്‍ നിന്ന് 30 റണ്‍സ്) എന്നിവര്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് നല്‍കിയത്.
കെയ്ല്‍ ജാമിസന്റെ സ്വിങ്ങിനും ബൗണസറുകള്‍ക്കും മുന്നില്‍ പകച്ചുപോയ ഇന്ത്യന്‍ ബാറ്റിങ് നിരയെയാണ് ഒന്നാം ഇന്നിങ്‌സില്‍ കണ്ടത്. ന്യൂസിലന്‍ഡിന് വേണ്ടി അഞ്ച് വിക്കറ്റുകളാണ് ജാമിസണ്‍ വീഴ്ത്തിയത്. അതേസമയം, ജാമിസന്റെ പോലെ സ്വിങ് ബോളുകള്‍ എറിയാന്‍ സാധിക്കാത്തതാണ് ഇന്ത്യന്‍ പേസ് നിരയെ ദുര്‍ബലമാക്കുന്നത്. ഇതിനെ ആരാധകര്‍ ചോദ്യം ചെയ്തു തുടങ്ങി. ഇന്ത്യയുടെ ടീം സെലക്ഷനും പ്ലേയിങ് ഇലവനും ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ദുര്‍ബലമാണെന്നാണ് ആരാധകരുടെ വാദം. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ പേസ് നിരയ്ക്ക് സാധിക്കുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍ക്കൊള്ളിക്കാത്തതാണ് ആരാധകരെ നേരത്തെ മുതല്‍ ചൊടിപ്പിക്കുന്നത്. സ്വിങ് ബോളുകള്‍ എറിയാന്‍ പ്രത്യേക കഴിവുള്ള താരമാണ് ഭുവനേശ്വര്‍ എന്ന് പലരും വാദിക്കുന്നു. ഇംഗ്ലീഷ് സാഹചര്യം കൃത്യമായി അറിയുന്ന ബൗളര്‍ കൂടിയാണ് ഭുവി.
അതോടൊപ്പം പ്ലേയിങ് ഇലവനില്‍ മുഹമ്മദ് സിറാജിനെയും ഉമേഷ് യാദവിനെയും ഉള്‍പ്പെടുത്താത്തതും ആരാധകര്‍ ചോദ്യം ചെയ്യുന്നു. ജസ്പ്രീത് ബുംറ സാഹചര്യത്തിനനുസരിച്ച് ഉയരാത്തതാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണം. ബുംറയ്ക്ക് സ്വിങ് ബോള്‍ എറിയാന്‍ സാധിക്കുന്നില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. സിറാജോ ഉമേഷ് യാദവോ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ കളിയില്‍ ഇന്ത്യയ്ക്ക് ആധിപത്യം കിട്ടിയേനെ എന്നാണ് വിലയിരുത്തല്‍. ഇരുവരുടെയും സ്വിങ് ബോളുകള്‍ എറിയാനുള്ള കഴിവ് ചൂണ്ടിക്കാട്ടിയാണ് ഈ വാദം.