രേണുക വേണു|
Last Modified വെള്ളി, 18 ജൂണ്‍ 2021 (20:39 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം മഴ കുളമാക്കിയിരിക്കുകയാണ്. ഒരു ഓവര്‍ പോലും ആദ്യ ദിവസമായ ഇന്ന് എറിയാന്‍ സാധിച്ചില്ല. ടോസും ഇട്ടില്ല. ശക്തമായ മഴ പിച്ചിന്റെ സ്വഭാവം മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഈ പിച്ചില്‍ കളിക്കുക ദുഷ്‌കരമാകും. അതുകൊണ്ട് തന്നെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടോസ് ഇടാത്തതിനാല്‍ നിലവില്‍ പ്രഖ്യാപിച്ച പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ അനുവാദമുണ്ട്.
ന്യൂസിലന്‍ഡിന് ഇത്തരം പിച്ചുകളില്‍ കളിച്ച് പരിചയമുണ്ട്. എന്നാല്‍, ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഈ പിച്ച് ദുഷ്‌കരമാണ്. അതുകൊണ്ട് ഒരു ബാറ്റ്‌സ്മാനെ കൂടി ഉള്‍പ്പെടുത്തിയാലോ എന്നാണ് ഇന്ത്യന്‍ ക്യാംപ് ആലോചിക്കുന്നത്. ഹനുമ വിഹാരിയെ പോലൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് ഇന്ത്യ ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ ബൗളര്‍മാരില്‍ ഒരാളെ ഒഴിവാക്കേണ്ടിവരും. നിലവില്‍ ആറ് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരും അടങ്ങുന്നതാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍.