അഭിറാം മനോഹർ|
Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (11:24 IST)
ഏഷ്യാകപ്പും ലോകകപ്പും തൊട്ടരികെ നില്‍ക്കെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ മിയാമിയിലെ തന്റെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. 2 മണിക്കൂര്‍ നീണ്ട് നിന്ന ചര്‍ച്ചയാണ് ഇരുവരും നടത്തിയത്. ലോകകപ്പ് വിജയിക്കേണ്ട പ്രാധാന്യത്തെ പറ്റിയായിരുന്നു ചര്‍ച്ച്. ലോകകപ്പ് നേടിയില്ലെങ്കില്‍ സ്ഥാനം തെറിക്കുമെന്നതടക്കം ശക്തമായ നിര്‍ദേശമാണ് ജയ് ഷാ ദ്രാവിഡിന് നല്‍കിയിട്ടുള്ളത്.
ഏഷ്യാകപ്പ് നേടിയില്ലെങ്കിലും ഇന്ത്യയുടെ ഹെഡ് കോച്ചായി ദ്രാവിഡ് തുടരുമെങ്കിലും ലോകകപ്പില്‍ പരാജയപ്പെട്ടാല്‍ ദ്രാവിഡുമായുള്ള കരാര്‍ പുതുക്കാന്‍ ബിസിസിഐ തയ്യാറാകില്ലെന്ന വിവരവും ജയ് ഷാ ദ്രാവിഡിനോട് പങ്കുവെച്ചു. ഓസ്‌ട്രേലിയയില്‍ 2 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടികൊണ്ട് ചരിത്രം സൃഷ്ടിച്ച രവി ശാസ്ത്രിക്ക് പകരക്കാരനായായിരുന്നു ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായത്. എന്നാല്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ ദ്രാവിഡിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ മികവ് പുലര്‍ത്തിയത്.
ദ്രാവിഡിന് കീഴില്‍ 2 ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പില്‍ ഫൈനലില്‍ പോലുമെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന് തോറ്റ് നാണം കെട്ടാണ് ഇന്ത്യ മടങ്ങിയത്. വിദേശത്ത് വിന്‍ഡീസിനെതിരായ ടി20 പരമ്പരയും ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയും ഇന്ത്യ പരാജയപ്പെട്ടിരുന്നു.