എന്തുകൊണ്ട് സ്റ്റാർ സ്പിന്നറായിട്ടും ചഹലിനെ ആർസിബി ഒഴിവാക്കി?, മറുപടി പറഞ്ഞ് മൈക്ക് ഹെസൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (19:23 IST)
ഐപിഎല്‍ 2022ല്‍ നടന്ന മെഗാതാരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു തങ്ങളുടെ സൂപ്പര്‍ താരമായിരുന്ന യൂസ്വേന്ദ്ര ചഹലിനെ കൈവിട്ടത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആര്‍സിബിക്കായി പല അവസരങ്ങളിലും അവിസ്മരണീയമായ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും എന്തുകൊണ്ട് താരത്തെ ടീം കൈവിട്ടു എന്നത് അജ്ഞാതമായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് ആര്‍സിബി അത്തരമൊരു തീരുമാനമെടുത്തെന്ന് വിശദമാക്കിയിരിക്കുകയാണ് ടീം ഡയറക്ടറായ മൈക്ക് ഹെസന്‍.

ലേലത്തിന് ശേഷം എന്തുകൊണ്ട് അത്തരമൊരു തീരുമാനമെടുത്തെന്ന് ചഹലിനോട് വിശദീകരിക്കുന്നത് പ്രയാസകരമായിരുന്നുവെന്ന് ഹെസന്‍ പറയുന്നു. ഞാന്‍ അവനോട് കാര്യം പറയുമ്പോള്‍ അവന്‍ ഏറെ അസ്വസ്ഥനായിരുന്നു. അവന്‍ താത്പര്യമില്ലാത്ത പോലെയാണ് എന്നോട് സംസാരിച്ചത്. ഞാന്‍ അവനെ കുറ്റപ്പെടുത്തുന്നില്ല. അവന്‍ ആര്‍സിബിയന്‍ ആയിരുന്നു.അതിനാല്‍ തന്നെ നിരാശനും. ലേലത്തില്‍ ഹര്‍ഷല്‍ പട്ടേലിനെയും യൂസിയേയും തിരികെ വാങ്ങാന്‍ ഞങ്ങള്‍ ആഗ്രഹിച്ചതിനാല്‍ ഞങ്ങള്‍ മൂന്ന് കളിക്കാരെ മാത്രമാണ് നിലനിര്‍ത്തിയത്.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നിട്ടും ആദ്യ രണ്ട് മാര്‍ക്വീ ലിസ്റ്റുകളില്‍ ഇടം പിടിക്കാന്‍ ചഹലിന് കഴിഞ്ഞില്ല എന്നതാകും ഇപ്പോള്‍ എന്നെ പോലും നിരാശനാക്കുന്ന കാര്യം. ലേലപ്പട്ടികയില്‍ 65മത് സ്ഥാനത്താണ് ചഹല്‍ വന്നത്. എന്നാല്‍ അപ്പോഴേക്കും ചഹലിനെ നിലനിര്‍ത്താനുള്ള ബജറ്റ് ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു.ഹെസന്‍ പറഞ്ഞു. ഐപിഎല്‍ 2022ലെ മെഗാലേലത്തില്‍ 10.75 കോടി നല്‍കി ആര്‍സിബി ഹര്‍ഷല്‍ പട്ടേലിനെ തിരിച്ചെത്തിച്ചപ്പോള്‍ 6.5 കോടി മുടക്കി ചഹലിനെ സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :