അഭിറാം മനോഹർ|
Last Modified വെള്ളി, 5 ഡിസംബര്‍ 2025 (15:23 IST)
വ്യത്യസ്തമായ ബാറ്റിംഗ് ശൈലി കൊണ്ട് ശ്രദ്ധ നേടിയ ബാറ്ററാണ് വെസ്റ്റിന്‍ഡീസിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍. ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിന്റെ സ്റ്റാന്‍സിനൊപ്പം തന്നെ മുഖത്ത് കണ്ണിന് താഴെയായി ഉപയോഗിച്ചിരുന്നു കറുത്ത സ്ട്രിപ്പുകള്‍ ക്രിക്കറ്റ് പ്രേമികള്‍ മറന്നിരിക്കാനിടയില്ല. ഇപ്പോഴിതാ ഈ സ്ട്രിപ്പുകള്‍ വീണ്ടും കളിക്കളത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ആഷസ് പരമ്പരയിലെ ഗാബയില്‍ വെച്ച് നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായാണ് സ്മിത് കറുത്ത സ്ട്രിപ്പിന് മുകളില്‍ പരീക്ഷണം നടത്തിയത്.
പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി പരിശീലന സെഷനിലും കറുത്ത സ്ട്രിപ്പുകള്‍ കണ്ണിന് താഴെ ഒട്ടിച്ചാണ് സ്മിത്ത് ഇറങ്ങിയത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ സ്റ്റേഡിയത്തിലെ ലൈറ്റുകളുടെ റിഫ്‌ലെക്ഷന്‍ കുറയ്ക്കാന്‍ ഈ സ്ട്രിപ്പ് സഹായിക്കുന്നുവെന്നാണ് സ്മിത്ത് ഇത് ധരിക്കാനുള്ള കാരണമായി പറയുന്നത്. ഇത് ധരിക്കുന്നതിനെ പറ്റി ശിവ്‌നരെയ്ന്‍ ചന്ദര്‍പോളുമായി സംസാരിച്ചിരുന്നെന്നും സ്മിത്ത് പറഞ്ഞു. ചന്ദര്‍പോളിനോട് സംസാരിച്ചപ്പോള്‍ നീ അത് ഒട്ടിച്ച് നടക്കുന്നതെല്ലാം കണ്ടു, പക്ഷേ തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത് എന്നാണ് പറഞ്ഞത്. പിന്നീട് അത് ശരിക്കും ഉപയോഗിച്ചപ്പോഴാണ് അതിന്റെ ഗുണം മനസിലാകുന്നത്. ഇത് ഇനിയും തുടര്‍ന്ന് ഉപയോഗിക്കാനാണ് തീരുമാനം സ്മിത്ത് പറഞ്ഞു.
അമേരിക്കന്‍ സ്‌പോര്‍ട്ടുകളില്‍ സാധാരണമായി ഈ ആന്റി ഗ്ലെയര്‍ സ്ട്രിപ്പുകള്‍ ഉപയോഗിക്കാറുണ്ട്. സ്റ്റേഡിയത്തില്‍ നിന്നുള്ള ലൈറ്റിന്റെ പ്രതിഫലനം തടയാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. പകല്‍- രാത്രിയായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഫ്‌ളഡ് ലൈറ്റുകളുടെ പ്രയാസം ഒഴിവാക്കാനാണ് സ്മിത്ത് സ്ട്രിപ്പുകള്‍ പരീക്ഷിച്ചിരിക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ 37.04 മാത്രമാണ് സ്മിത്തിന്റെ ബാറ്റിംഗ് ശരാശരി. റെഡ് ബോളില്‍ ഇത് 58.31 ആണ്.