രേണുക വേണു|
Last Modified വെള്ളി, 28 ജൂലൈ 2023 (13:28 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണെ ബെഞ്ചിലിരുത്തി ഇഷാന് കിഷന് അവസരം നല്കിയ തീരുമാനത്തെ ന്യായീകരിച്ച് ബിസിസിഐ വൃത്തങ്ങള്‍. ഇഷാന് കിഷന് ഇടംകയ്യന്‍ ബാറ്റര്‍ ആയതുകൊണ്ടാണ് താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏകദിന ലോകകപ്പിലേക്ക് അടുക്കുമ്പോള്‍ ഒരു ഇടംകയ്യന്‍ ബാറ്ററുടെ സാന്നിധ്യം മധ്യനിരയില്‍ അത്യാവശ്യമാണെന്നാണ് സെലക്ടര്മാരുടെയും പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെയും നിലപാട്. നിലവില്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും മാത്രമാണ് ഇന്ത്യയിലെ ഇടംകയ്യന്മാര്. ജഡേജ പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കില്‍ അക്ഷര്‍ പട്ടേല്‍ പുറത്തിരിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ഒരൊറ്റ ഇടംകയ്യന്‍ ബാറ്റര്‍ മാത്രമായി ഇന്ത്യ കളിക്കണം. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇഷാന് കിഷന് കൂടുതല്‍ അവസരം നല്‍കുന്നത്.
മധ്യനിരയില്‍ ഒരു ഇടംകയ്യന്‍ ബാറ്റര്‍ വേണ്ടത് അത്യാവശ്യമാണ്. സമീപകാലത്ത് മധ്യ ഓവറുകളില്‍ ലെഗ് സ്പിന്നിനെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മോശം കണക്കുകളാണ് ഉള്ളത്. ഇടംകയ്യന്‍ ബാറ്റര്‍ ഉണ്ടെങ്കില്‍ മധ്യ ഓവറുകളില്‍ ലെഗ് സ്പിന്നിനെതിരെ നന്നായി കളിക്കാന്‍ കഴിയുമെന്നാണ് സെലക്ടര്‍മാരുടെ കണക്കുകൂട്ടല്‍. ഇക്കാരണത്താലാണ് ഇഷാന് കിഷന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത്.