പുത്തനുണര്‍വോടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കോലി തിരിച്ചെത്തണം; നൂറാം ടെസ്റ്റില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് ബിസിസിഐ

രേണുക വേണു| Last Modified ശനി, 19 ഫെബ്രുവരി 2022 (12:59 IST)

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് വിരാട് കോലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചതെന്ന് ബിസിസിഐ. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനു ശേഷം ഇരുവരേയും വീട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ അനുവദിച്ചു. മൂന്നാം ട്വന്റി 20 മത്സരത്തില്‍ കോലിയും പന്തും കളിക്കില്ല. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയാണ് കോലിയും പന്തും ഇനി ബയോ ബബിളില്‍ തിരിച്ചെത്തുക.

മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ മൊഹാലിയിലാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്. മാര്‍ച്ച് 12 മുതല്‍ 16 വരെ ബെംഗളൂരുവിലാണ് രണ്ടാം ടെസ്റ്റ്. ഇത് കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റ് കൂടിയാണ്. കോലിയുടെ നൂറാം ടെസ്റ്റ് കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ.

ബയോ ബബിളില്‍ നിന്നുകൊണ്ട് തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നത് എളുപ്പമല്ല. കോലിയും പന്തും ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവരാണ്. താരങ്ങളുടെ ജോലിഭാരം കുറയ്ക്കാനാണ് ഇപ്പോള്‍ വിശ്രമം നല്‍കിയിരിക്കുന്നത്. കോലിയുടെ നൂറാം ടെസ്റ്റിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :