രേണുക വേണു|
Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (09:30 IST)
Who is Van der Merwe: ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വാന്‍ ഡെര്‍ മെര്‍വ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ അന്ധകനായി മാറിയിരിക്കുകയാണ്. 2009 ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ച് പ്ലെയര്‍ ഓഫ് ദ മാച്ച് താരമായ വാന്‍ ഡെര്‍ മെര്‍വ് ഇപ്പോള്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ആദ്യ തോല്‍വി വഴങ്ങിയപ്പോള്‍ നെതര്‍ലന്‍ഡ്‌സ് ടീമിനൊപ്പമാണ്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാമെന്ന് ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചത് 38 റണ്‍സിനാണ്.
ഇടംകയ്യന്‍ സ്പിന്നറായ വാന്‍ ഡെര്‍ മെര്‍വിന് ഇപ്പോള്‍ 38 വയസ്സാണ് പ്രായം, പക്ഷേ ക്രിക്കറ്റിനു മുന്നില്‍ അയാള്‍ ഇരുപതുകാരന്റെ ശൗര്യം കാണിക്കും. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 82/5 എന്ന നിലയില്‍ തകര്‍ന്നിടത്തു നിന്ന് 245 എന്ന ടോട്ടലിലേക്ക് എത്തിയതില്‍ വാന്‍ ഡെര്‍ മെര്‍വ് നിര്‍ണായക പങ്കുവഹിച്ചു. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സാണ് താരം നേടിയത്. ബൗളിങ്ങിലേക്ക് വന്നപ്പോള്‍ മെര്‍വ് അതിനേക്കാള്‍ അപകടകാരിയായി. ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയേയും ഏത് പ്രതിസന്ധി ഘട്ടത്തിലും വിനാശകാരിയായ റാസി വാന്‍ ഡേഴ്‌സണിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കിയത് വാന്‍ ഡെര്‍ മെര്‍വ് ആണ്. ഒന്‍പത് ഓവറില്‍ വെറും 34 റണ്‍സ് വഴങ്ങിയാണ് മെര്‍വ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
2004 ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ മെര്‍വ് കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജോഹ്നാസ് ബെര്‍ഗിലാണ് താരത്തിന്റെ ജനനം. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതോടെ 2009 ല്‍ ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ ടീമിലേക്കും ക്ഷണം ലഭിച്ചു. 2009 മാര്‍ച്ച് 29 നാണ് മെര്‍വ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആദ്യ മത്സരം കളിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 യില്‍ 30 പന്തില്‍ 48 റണ്‍സും നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയ മെര്‍വ് കളിയിലെ താരമായി.
2015 ലാണ് മെര്‍വ് തന്റെ കരിയറിലെ നിര്‍ണായക തീരുമാനമെടുക്കുന്നത്. ഡച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയ ശേഷം മെര്‍വ് നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി. ദക്ഷിണാപ്രിക്കയില്‍ ലഭിച്ചതിനേക്കാള്‍ അവസരം തനിക്ക് നെതര്‍ലന്‍ഡ്‌സ് ടീമില്‍ ലഭിക്കുമെന്ന് മനസിലാക്കിയ ശേഷമാണ് താരത്തിന്റെ കൂടുമാറ്റം. ഇതിപ്പോള്‍ രണ്ടാം തവണയാണ് മെര്‍വ് ദക്ഷിണാഫ്രിക്കയുടെ അന്ധകനാകുന്നത്. 2022 ലെ ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചപ്പോഴും മെര്‍വ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കാന്‍ ഡേവിഡ് മില്ലര്‍ പരിശ്രമിച്ചു കൊണ്ടിരിക്കെ ഗംഭീര ക്യാച്ചിലൂടെ മെര്‍വ് മില്ലറെ പുറത്താക്കി. ഇത് ദക്ഷിണാഫ്രിക്കയുടെ പതനത്തില്‍ നിര്‍ണായക സ്വാധീനമായി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും മെര്‍വ് കളിച്ചിട്ടുണ്ട്.