Naseem Shah: അരങ്ങേറ്റത്തിനു തൊട്ടുമുന്‍പ് കേട്ടത് അമ്മയുടെ മരണം, വീട്ടില്‍ പോകാതെ ക്രിക്കറ്റ് കളിച്ച അന്നത്തെ 16 കാരന്‍; ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ച നസീം ഷാ ആരാണ്

ഒരിക്കല്‍ ശക്തമായ പുറംവേദന നസീമിനെ അലട്ടിയിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമി നടത്തുന്ന മുഡസര്‍ നാസറിന്റെ അടുത്തേക്കാണ് അന്ന് നസീം എത്തിയത്

രേണുക വേണു| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (08:05 IST)

Who is Naseem Shah: കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിച്ച പാക്കിസ്ഥാന്‍ ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു. ഇത്തവണ ഏഷ്യാ കപ്പിലേക്ക് എത്തിയപ്പോള്‍ മറ്റൊരു പാക്ക് യുവ ബൗളര്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര അന്താളിച്ചു നിന്നു. പരുക്കേറ്റ ഷഹീന്‍ ഷാ അഫ്രീദിക്ക് പകരം പാക്കിസ്ഥാന്റെ ഏഷ്യാ കപ്പ് ടീമില്‍ ഇടംനേടിയ നസീം ഷാ എന്ന 19 കാരനാണ് അത്. 148 റണ്‍സ് എന്ന താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടരാന്‍ ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടിവന്നു. ഓപ്പണര്‍ കെ.എല്‍.രാഹുലിനെ നസീം ഷാ ക്ലീന്‍ ബൗള്‍ഡ് ആക്കി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അത്ര എളുപ്പത്തില്‍ ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട എന്ന മുന്നറിയിപ്പായിരുന്നു നസീം ഷാ ആദ്യ ഓവറില്‍ തന്നെ നല്‍കിയത്. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ വമ്പന്‍മാരെല്ലാം നസീം ഷായുടെ പന്തുകള്‍ക്ക് മുന്നില്‍ അതീവ ജാഗ്രതയോടെയാണ് നിലയുറപ്പിച്ചത്.

ഏഷ്യാ കപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് ഷഹീന്‍ ഷാ അഫ്രീദി പരുക്കിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്താകുന്നത്. പകരക്കാരനായി ആരെ വേണം എന്ന് പാക്ക് നായകന്‍ ബാബര്‍ അസമിന് അധികം തലപുകയ്‌ക്കേണ്ടി വന്നില്ല. ഷഹീന്‍ ഷാ അഫ്രീദിയെ പോലെ അടുത്ത സെന്‍സേഷന്‍ ആകാന്‍ പോകുന്ന പേസര്‍ ആണ് നസീം എന്ന് ബാബര്‍ ഉറപ്പിച്ചിരുന്നു. അങ്ങനെ ഷഹീന് പകരക്കാരനായി നസീമിനെ ടീമിലേക്ക് വിളിച്ചു. നസീം ഷായുടെ അരങ്ങേറ്റ ട്വന്റി 20 മത്സരമായിരുന്നു ഇന്ത്യക്കെതിരെ ഏഷ്യാ കപ്പില്‍ കളിച്ചത്. പക്ഷേ ഒരു അരങ്ങേറ്റക്കാരന്റെ യാതൊരു ടെന്‍ഷനും ആ മുഖത്തുണ്ടായിരുന്നില്ല.

2019 ലാണ് നസീം ഷാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തുന്നത്. അന്ന് 16 വയസ് മാത്രമായിരുന്നു പ്രായം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിക്കാന്‍ വലിയ ആവേശത്തോടെയാണ് അന്ന് നസീം പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ വലിയ സ്വപ്‌നസാഫല്യത്തിനിടയിലും വലിയൊരു വേദനയുടെ വാര്‍ത്തയാണ് നസീമിനെ തേടിയെത്തിയത്.

ടെസ്റ്റ് പരമ്പരയ്ക്കായി പാക്കിസ്ഥാന്‍ ടീം ഓസ്‌ട്രേലിയയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. ഒരു ദിവസം രാത്രി ഏറെ വൈകി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് ഒരു വാട്‌സ്ആപ്പ് കോള്‍ വന്നു. യുവതാരം നസീം ഷായുടെ അമ്മ മരിച്ചു എന്ന വാര്‍ത്തയാണ് ബാബര്‍ കേട്ടത്. അമ്മയുടെ മരണത്തെ കുറിച്ച് പിറ്റേന്നാണ് ബാബര്‍ നസീം ഷായെ അറിയിച്ചത്. തുടര്‍ന്ന് നസീമിന് വീട്ടിലേക്കു മടങ്ങാനുള്ള അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ടീമിന്റെ കൂടെ നില്‍ക്കാനാണു താരം തീരുമാനിച്ചത്. ക്രിക്കറ്റില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കുകയെന്ന കുടുംബത്തിന്റെ ആഗ്രഹപ്രകാരം നസീം ടീമിന്റെ കൂടെ തുടരുകയായിരുന്നു.

ഒരിക്കല്‍ ശക്തമായ പുറംവേദന നസീമിനെ അലട്ടിയിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമി നടത്തുന്ന മുഡസര്‍ നാസറിന്റെ അടുത്തേക്കാണ് അന്ന് നസീം എത്തിയത്. നസീമിന്റെ പരുക്ക് ഏറെ ഗുരുതരമായിരുന്നു, മൂന്ന് സ്ട്രസ് ഫ്രാക്ച്ചറുകള്‍ പുറംഭാഗത്ത് ഉണ്ട്. പഴയ പോലെ വേഗതയില്‍ പന്തെറിയാന്‍ എനിക്ക് സാധിക്കുമോ എന്ന ആശങ്കയായിരുന്നു പരുക്കിന്റെ പിടിയില്‍ കഴിയുമ്പോഴും നസീമിന് ഉണ്ടായിരുന്നതെന്ന് മുഡസര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധികള്‍ മറികടക്കാന്‍ നസീം തന്റെ ബൗളിങ് ആക്ഷന്‍ തന്നെ മാറ്റാന്‍ തയ്യാറായി. ആക്ഷന്‍ മാറ്റാന്‍ വേണ്ടി ദിവസവും മണിക്കൂറുകളാണ് നസീം പരിശീലനം നടത്തിയതെന്ന് മുഡസര്‍ പറയുന്നു. ഒന്‍പത് മാസത്തോളമാണ് ഈ പരിശീലനം തുടര്‍ന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :