Washington Sundar: ഒന്നാം ടെസ്റ്റിലെ തോല്‍വിക്കു ശേഷം പതിനാറാമന്‍ ആയി ടീമിലെടുത്തു; ഇന്ന് ഏഴ് വിക്കറ്റ് ! ഇത് 'സുന്ദരകാണ്ഡം'

ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനോടു തോറ്റതിനു പിന്നാലെയാണ് ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വാഷിങ്ടണ്‍ സുന്ദറിനു വിളി വന്നത്

Washington Sundar
രേണുക വേണു| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (16:15 IST)
Washington Sundar

Washington Sundar: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. ഏകദേശം 43 മാസങ്ങള്‍ക്കു ശേഷമാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നത്. 2021 മാര്‍ച്ചിലാണ് സുന്ദറിന്റെ ഇതിനു മുന്‍പത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം. പൂണെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിനു കിവീസ് ഓള്‍ഔട്ട് ആയി. 23.1 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 59 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദര്‍ ആണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ചത്.

ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനോടു തോറ്റതിനു പിന്നാലെയാണ് ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വാഷിങ്ടണ്‍ സുന്ദറിനു വിളി വന്നത്. രഞ്ജി ട്രോഫിയിലെ പ്രകടനം കണക്കിലെടുത്താണ് സുന്ദറിനെ സ്‌ക്വാഡില്‍ ചേര്‍ക്കുന്നതെന്നായിരുന്നു ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ വിശദീകരണം. ന്യൂസിലന്‍ഡിനെ ഇടംകൈയന്‍ ബാറ്റര്‍മാരെ വീഴ്ത്താന്‍ സുന്ദറിനെ പോലൊരു ബൗളര്‍ വേണമെന്നായിരുന്നു ഇന്ത്യന്‍ പരിശീലക സംഘത്തിന്റെ വിലയിരുത്തല്‍. തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ സുന്ദറിനു സാധിച്ചു. വീഴ്ത്തിയ ഏഴ് വിക്കറ്റുകളില്‍ അഞ്ചെണ്ണവും ബൗള്‍ഡ് വിക്കറ്റുകളാണെന്നതും ശ്രദ്ധേയം. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഇടംകൈയന്‍ ബാറ്റര്‍ രചിന്‍ രവീന്ദ്രയെ മടക്കി ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കിയത് വാഷിങ്ടണ്‍ സുന്ദര്‍ ആണ്. പതിനാറാമനായി സ്‌ക്വാഡില്‍ എത്തിയ വാഷിങ്ടണ്‍ പൂണെയില്‍ രചിച്ചത് ഇന്ത്യക്കു വേണ്ടിയൊരു 'സുന്ദരകാണ്ഡം'

കുല്‍ദീപ് യാദവിനെ ഒഴിവാക്കിയാണ് ഇന്ത്യ വാഷിങ്ടണ്‍ സുന്ദറിനെ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. സുന്ദറിനെ പൂണെ ടെസ്റ്റില്‍ കളിപ്പിക്കുന്നത് മണ്ടത്തരമാണെന്ന് സുനില്‍ ഗവാസ്‌കര്‍ അടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ടുള്ള കിടിലന്‍ പ്രകടനമാണ് സുന്ദര്‍ ഇന്ന് നടത്തിയത്.

തമിഴ്‌നാട് താരമായ വാഷിങ്ടണ്‍ സുന്ദര്‍ ഈയടുത്താണ് രഞ്ജിയില്‍ ഡല്‍ഹിക്കെതിരെ 269 ബോളില്‍ 19 ഫോറും ഒരു സിക്‌സും സഹിതം 152 റണ്‍സ് നേടിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :