അഭിറാം മനോഹർ|
Last Modified വെള്ളി, 6 മെയ് 2022 (12:51 IST)
ഐപിഎല്ലിൽ അപമാനിതനാക്കപ്പെട്ട ടീമിനെതിരായ ഡേവിഡ് വാർണറുടെ പ്രകടനത്തിനായി ക്രിക്കറ്റ് ആരാധകരെല്ലാവരും തന്നെ വലിയ കാത്തിരിപ്പിലായിരുന്നു. ഹൈദരാബാദിനായി ഹൃദയം തന്നെ നൽകി കളിച്ചിട്ടും ഒരു മോശം സീസണിന്റെ പേരിൽ മാനേജ്‌മെന്റ് എഴുതിതള്ളിയപ്പോൾ വാർണറിനൊപ്പം ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയം വേദനിച്ചിരുന്നു.
ഐപിഎല്ലിലെ പതിനഞ്ചാം പതിപ്പിൽ ഇതിനെല്ലാം ഒരു സെഞ്ചുറിയിലൂടെ കണക്ക് തീർക്കാമായിട്ടും ടീമിനായി അത് വേണ്ടെന്ന് വെച്ചിരിക്കുകയാണ് വാർണർ. ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിലെ 20-ാം ഓവര്‍ ആരംഭിക്കുമ്പോള്‍ സെഞ്ചുറിക്കരികെ ഡേവിഡ് വാര്‍ണറും വെടിക്കെട്ടുമായി റോവ്‌മാന്‍ പവലുമായിരുന്നു ക്രീസില്‍. 8 റൺസ് മാത്രമായിരുന്നു ഈ സമയത്ത് വാർണർക്ക് സെഞ്ചുറിക്ക് വേണ്ടിയിരുന്നത്.
സ്ട്രൈക്ക് കിട്ടിയാൽ
വാർണർ സെഞ്ചുറിയടിക്കുമെന്ന് ആരാധകർ ഉറപ്പിച്ച നിമിഷം. സെഞ്ചുറി നേടാന്‍ സിംഗിള്‍ വേണോ എന്ന് പവലിന്റെ ചോദ്യം. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു വാർണറിന്റെ മറുപടി. അങ്ങനെയല്ല നമ്മൾ ക്രിക്കറ്റ് കളിക്കുന്നത്.നിങ്ങള്‍ക്ക് പറ്റാവുന്നത്ര കൂറ്റനടികള്‍ക്ക് ശ്രമിക്കുക. വാർണർ പറഞ്ഞു. ഇന്നിങ്‌സിന്റെ അവസാന പന്തിൽ അസാധ്യമായ ഒരു ഡബിൾ ഓടിയെടുക്കാൻ പോലും വാർണർ ശ്രമിച്ചു.
എന്തായാലും വാർണറുടെ സമീപനം വലിയ കൈയ്യടിയാണ് വാങ്ങുന്നത്. വ്യക്തിഗത നേട്ടങ്ങൾ പോലും കണക്കാക്കാതെ ടീമിനായി ഹൃദയം നൽകി കളിക്കുന്ന ഒരാളെയാണ് ഹൈദരാബാദ് കൈവിട്ടതെന്നും ആരാധകർ ഓർമിപ്പിക്കുന്നു.