രേണുക വേണു|
Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (12:15 IST)
ബറോഡ ക്രിക്കറ്റ് താരം വിഷ്ണു സോളങ്കിയെ തേടി മറ്റൊരു ദുഃഖവാര്‍ത്ത കൂടി. വിഷ്ണുവിന്റെ അച്ഛന് മരിച്ചു. ഏറെ നാളായി രോഗാവസ്ഥയിലായിരുന്നു. ബറോഡയ്ക്കായി രഞ്ജി ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അച്ഛന്റെ മരണവാര്‍ത്ത വിഷ്ണു സോളങ്കിയെ ടീം മാനേജ്മെന്റ് അറിയിച്ചത്.
മകള്‍ മരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അച്ഛന്റെ മരണവാര്‍ത്തയും വിഷ്ണുവിനെ തേടിയെത്തിയത്. പിറന്നുവീണതിനു പിന്നാലെയാണ് വിഷ്ണുവിന്റെ മകള്‍ മരിച്ചത്. കുട്ടിയുടെ സംസ്കാര ചടങ്ങുകലില്‍ പങ്കെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വിഷ്ണു കളിക്കളത്തില്‍ തിരിച്ചെത്തുകയും ചെയ്തു. മകളുടെ സംസ്കാര ചടങ്ങിന് ശേഷം തിരിച്ചെത്തി രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഡിനെതിരെ വിഷ്ണു സെഞ്ചുറി നേടിയിരുന്നു.
ചണ്ഡിഗഡിനെതിരായ മത്സരത്തിനായി ഭുവനേശ്വറിലെത്തിയപ്പോഴാണ് മകളുടെ മരണവാര്‍ത്ത വിഷ്ണു സോളങ്കിയെ തേടിയെത്തിയത്. ഇതോടെ വഡോദരയിലേക്ക് തിരിച്ചുപോയ സോളങ്കി സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. എന്നാല്‍, മൂന്നു ദിവസത്തിനുശേഷം ബറോഡയ്ക്കായി രഞ്ജി കളിക്കാന്‍ അദ്ദേഹം ഭുവനേശ്വറിലേക്കു തിരിച്ചെത്തുകയായിരുന്നു. മകള്‍ മരിച്ച് പത്ത് ദിവസത്തിനു ശേഷം വിഷ്ണുവിനെ തേടിയെത്തിയത് അച്ഛന്റെ മരണവാര്‍ത്തയാണ്.
അച്ഛന് മരിച്ച വിവരം ബറോഡ ടീം മാനേജ്മെന്റ് അറിയുമ്പോള്‍ വിഷ്ണു ഫീല്‍ഡ് ചെയ്യുകയായിരുന്നു. ഉടനെ തന്നെ താരത്തെ ഡ്രസിങ് റൂമിലേക്ക് വിളിച്ചു. അച്ഛന് മരിച്ച കാര്യം അറിയിച്ചു. ബറോഡ ടീം മാനേജര്‍ ധര്‍മ്മേന്ദ്ര അറോതെയാണ് വിഷ്ണുവിനോട് അച്ഛന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്.
മൃതദേഹം അധികനേരം സൂക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. താന്‍ ടീമിനൊപ്പം തുടരുകയാണെന്ന് വിഷ്ണു തീരുമാനമെടുത്തു. ഡ്രസിങ് റൂമിലിരുന്ന് വീഡിയോ കോളിലൂടെയാണ് അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ വിഷ്ണു കണ്ടത്. മത്സരശേഷം വീട്ടിലേക്ക് തിരിച്ചെത്തുമെന്ന് കുടുംബാംഗങ്ങളെ താരം അറിയിച്ചു. മത്സരത്തില്‍ നിന്ന് അവധിയെടുത്ത് വീട്ടിലേക്ക് പോകാന്‍ ടീം മാനേജ്മെന്റ് അവസരം നല്‍കിയെങ്കിലും വിഷ്ണു അത് നിഷേധിച്ചു. ടീമിന് വേണ്ടി കളിക്കാന്‍ താന്‍ തയ്യാറാണെന്ന് വിഷ്ണു നിലപാടെടുക്കുകയായിരുന്നു.