രഹാനയെ വിമർശിക്കുന്നവർ ഓസ്ട്രേലിയയിലെ വിജയം മറക്കരുത്: സെവാഗ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (20:43 IST)
ലോർഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ മോശം പ്രകടനത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ട താരമാണ് അജിങ്ക്യ രഹാനെ. ഏറെക്കാലമായി താരം മോശം ഫോമിലാണെന്നും താരത്തിനെ ടീമിൽ നിന്നും മാറ്റി‌നിർത്തണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉണ്ടായിരുന്നു.

എന്നാൽ ലോർഡ്‌സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് രഹാനെയുടെ പ്രകടനമായിരുന്നു. ഇപ്പോഴിതാ രഹാനയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിരേന്ദർ സെവാഗ്.

മികച്ച ഇന്നിംഗ്‌സാണ് ലോര്‍ഡ്‌സില്‍ രഹാനെ കാഴ്‌ചവെച്ചത്. 39ല്‍ നില്‍ക്കേ ക്യാച്ച് നിലത്തിട്ടത് രഹാനെയ്ക്ക് ഭാഗ്യമായി. അര്‍ധ സെഞ്ചുറി ശതകമായി മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായിരുന്നേനേ. രഹാനെയെ വിമർശിക്കുന്നവർ ഓസീസിനെതിരായ പരമ്പര വിജയത്തെ മറക്കരുത്.

അഡ്‌ലെയ്‌ഡില്‍ 36 റണ്‍സില്‍ പുറത്തായ ശേഷം മെല്‍ബണില്‍ രഹാനെ സെഞ്ചുറി നേടിയിരുന്നു. ഇതിന് ശേഷമാണ് പരമ്പരയിൽ ഇന്ത്യയുടെ തിരിച്ചുവരവുണ്ടായത്. മെല്‍ബണിലും ബ്രിസ്‌ബേനിലും ഇന്ത്യ ജയിക്കുകയും സിഡ്‌നിയില്‍ സമനില നേടുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ ഈ വിജയമാണ്
വിദേശത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് പരമ്പര നേട്ടം. അതിന്റെ നായകൻ രഹാനെയായിരുന്നു. സെവാഗ് പറഞ്ഞു.

അതേസമയം ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റിന് 181 റൺസ് എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 154 റൺസിന്റെ ലീഡാണുള്ളത്.നാലാം വിക്കറ്റിൽ ഒത്തുചേർന്ന അജിങ്ക്യ രഹാനെയുടെയും ചേതേശ്വർ പൂജാരയുടെയും ചെറുത്തുനിൽപ്പാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. രഹാനെ 61ഉം പുജാര 45ഉം റൺസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :