അഭിറാം മനോഹർ|
Last Modified വെള്ളി, 30 ജൂണ്‍ 2023 (15:48 IST)
2023 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിരാട് കോലി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് വിന്‍ഡീസ് ഇതിഹാസവും ആര്‍സിബിയില്‍ കോലിയുടെ സഹതാരവുമായിരുന്ന ക്രിസ് ഗെയ്ല്‍. സമീപകാലത്തെ കോലിയുടെ പ്രകടനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും കോലി ശക്തമായി തന്നെ തിരിച്ചെത്തുമെന്നും ഗെയ്ല്‍ പറയുന്നു.
മികച്ച കളിക്കാര്‍ കൂടുതല്‍ കാലം നിലനില്‍ക്കും. കഠിനമായ സമയം അവരില്‍ അധികം നീണ്ടുനില്‍ക്കില്ല. കോലി മാനസികമായും ശാരീരികമായും കരുത്തനായ താരമാണ്. ലോകകപ്പില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോലിക്ക് സാധിക്കും. കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ ഇതുപോലുള്ള ഘട്ടങ്ങളിലൂടെ കടന്ന് പോകും. സ്വയം ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി ആവശ്യമുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ ഫോമിലെത്തിയാല്‍ എത്രത്തോളം നാശം വിതയ്ക്കാനാകുമെന്ന് ഞങ്ങള്‍ക്കറിയാം. ഗെയ്ല്‍ പറഞ്ഞു.