അഞ്ഞൂറാം മത്സരത്തിൽ കോലി കളിക്കാനിറങ്ങുന്നു, റെക്കോർഡുകൾ നോക്കുമ്പോൾ സച്ചിനും പോണ്ടിംഗും പോലും പിന്നിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂലൈ 2023 (19:57 IST)
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിലേക്കാണ് കോലി കാല്‍ വെയ്ക്കുന്നത്. ഇന്ത്യയ്ക്കായി 3 ഫോര്‍മാറ്റിലുമായി കോലി കളിക്കുന്ന അഞ്ഞൂറാമത്തെ മത്സരമാണ് വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ്. കോലിയുടെ അഞ്ഞൂറാം മത്സരം ആഘോഷമാക്കാന്‍ രണ്ടാം ടെസ്റ്റില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അഞ്ഞൂറാം മത്സരത്തിനിറങ്ങുമ്പോള്‍ 3 ഫോര്‍മാറ്റിലുമായി 25,461 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 499 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ സാക്ഷാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 24,839 റണ്‍സും റിക്കി പോണ്ടിംഗ് 24,991 റണ്‍സുമാണ് നേടിയിരുന്നത്. 499 മത്സരങ്ങളില്‍ നിന്നും 75 സെഞ്ചുറികളും 131 അര്‍ധസെഞ്ചുറികളും മൂന്ന് ഫോര്‍മാറ്റിലുമായി കോലിയുടെ പേരിലുള്ളത്. 3 ഫോര്‍മാറ്റിലുമായി 279 സ്‌ക്‌സുകളും 2522 ഫോറുകളും താരം നേടിയിട്ടുണ്ട്.എല്ലാ ഫോര്‍മാറ്റിലെയും റണ്‍സ് കണക്കിലെടുത്ത് ആവറേജ് നോക്കുമ്പോള്‍ 53.48 ബാറ്റിംഗ് ശരാശരിയിലാണ് കോലിയുടെ നേട്ടം.

അതേസമയം 499 മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ 75 സെഞ്ചുറികള്‍ തന്നെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും പേരിലുണ്ടായിരുന്നത്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കോലി തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. അതല്ലായിരുന്നുവെങ്കില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിനെ വെട്ടിയ്ക്കാന്‍ കോലിക്ക് സാധിക്കുമായിരുന്നു എന്ന് കരുതുന്നവരാണ് ഏറെയും. വിരമിക്കുന്നതിന് മുന്‍പ് സച്ചിന്റെ 100 സെഞ്ചുറികള്‍ എന്ന നേട്ടം മറികടക്കുമോ എന്ന് ഉറപ്പില്ലെങ്കിലും ഏകദിനക്രിക്കറ്റില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിനെ കോലി അടുത്ത് തന്നെ മറികടന്നേക്കും. ഏകദിന ക്രിക്കറ്റില്‍ 46 അര്‍ധസെഞ്ചുറികളുള്ള കോലിക്ക് സച്ചിനെ മറികടക്കാന്‍ 4 അര്‍ധസെഞ്ചുറികള്‍ മാത്രമാണ് ഏകദിനത്തില്‍ ആവശ്യമായിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :