Virat Kohli vs Pat Cummins: 'ക്ഷമ വേണം, ഇല്ലേല്‍ പണി ഉറപ്പ്'; കമ്മിന്‍സ് 'ഭീഷണി' മറികടക്കാന്‍ കോലിക്ക് കഴിയുമോ?

ടെസ്റ്റില്‍ കമ്മിന്‍സിന്റെ 269 പന്തുകളാണ് കോലി ഇതുവരെ നേരിട്ടിട്ടുള്ളത്

Virat Kohli and Pat Cummins
രേണുക വേണു| Last Modified ബുധന്‍, 20 നവം‌ബര്‍ 2024 (16:15 IST)
Virat Kohli and Pat Cummins

Virat Kohli vs Pat Cummins: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ആരാധകര്‍ കാത്തിരിക്കുന്നത് വിരാട് കോലി-പാറ്റ് കമ്മിന്‍സ് പോരാട്ടത്തിനു വേണ്ടിയാണ്. ഓസ്‌ട്രേലിയയുടെ മറ്റു ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കോലിക്ക് കഴിവുണ്ട്. എന്നാല്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ മുന്നില്‍ കോലി വിറയ്ക്കുക പതിവാണ്. ഇത്തവണയും വിരാട് കോലിയെ 'തെറിപ്പിക്കുക' എന്ന ഭാരിച്ച ഉത്തരവാദിത്തം പാറ്റ് കമ്മിന്‍സ് തന്നെയാകും ഏറ്റെടുക്കുക.

ടെസ്റ്റില്‍ കമ്മിന്‍സിന്റെ 269 പന്തുകളാണ് കോലി ഇതുവരെ നേരിട്ടിട്ടുള്ളത്. സ്‌കോര്‍ ചെയ്തിരിക്കുന്നത് വെറും 96 റണ്‍സ് മാത്രം. അഞ്ച് തവണ കോലിയെ പുറത്താക്കാന്‍ കമ്മിന്‍സിനു സാധിച്ചിട്ടുണ്ട്. കമ്മിന്‍സിനെതിരെ കോലിയുടെ ശരാശരി 19.2 മാത്രമാണ്. സ്‌ട്രൈക് റേറ്റ് ആകട്ടെ വെറും 35.7 ! കണക്കുകളില്‍ കോലിക്കുമേല്‍ സമ്പൂര്‍ണ ആധിപത്യമാണ് കമ്മിന്‍സിനുള്ളത്. പേസ് ബൗളിങ്ങിനു അനുകൂലമായ ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ ടെസ്റ്റില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന കോലി എങ്ങനെ കമ്മിന്‍സിനെ അതിജീവിക്കും?

ഓഫ് സ്റ്റംപിനു പുറത്ത് തുടര്‍ച്ചയായി പന്തുകള്‍ എറിഞ്ഞ് കോലിയെ വീഴ്ത്തുകയായിരിക്കും കമ്മിന്‍സിന്റെ തന്ത്രം. ഫോര്‍ത്ത് സ്റ്റംപിലും ഫിഫ്ത്ത് സ്റ്റംപിലും പന്തുകള്‍ എറിഞ്ഞ് കോലിയുടെ ക്ഷമ പരീക്ഷിക്കാന്‍ കമ്മിന്‍സ് ശ്രമിക്കും. ഈ പന്തുകളെ കോലി എങ്ങനെ നേരിടുമെന്നത് കാത്തിരുന്ന് കാണാം.


ഓസ്‌ട്രേലിയയില്‍ കോലി കളിക്കുന്ന അവസാന ടെസ്റ്റ് പരമ്പരയായിരിക്കും ഇത്തവണ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി. ട്വന്റി 20 യില്‍ നിന്ന് വിരമിച്ച കോലി വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു ശേഷം ടെസ്റ്റില്‍ നിന്നും വിരമിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇനി ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയുടെ റണ്‍മെഷീനു സാധിക്കണമെന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :