ഒറ്റക്കൈ കൊണ്ട് സൂപ്പര്‍മാനെ പോലെ പറന്നെടുത്തത് ക്യാച്ച് മാത്രമല്ല അത് വിജയം തന്നെ ! കോലിയുടെ ആ ചിരിയില്‍ എല്ലാം ഉണ്ട് (വീഡിയോ)

അവസാന ഓവറില്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 11 റണ്‍സ് മാത്രം

രേണുക വേണു| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (15:13 IST)

ട്വന്റി 20 ലോകകപ്പ് പരിശീലന മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. കംഗാരുക്കള്‍ ഏറെക്കുറെ വിജയം ഉറപ്പിച്ച സമയത്താണ് ബൗളിങ്ങിലൂടെയും ഫീല്‍ഡിങ്ങിലൂടെയും ഇന്ത്യ മത്സരം തിരിച്ചുപിടിച്ചത്. അതില്‍ എടുത്തുപറയേണ്ടത് മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറാണ്.

അവസാന ഓവറില്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 11 റണ്‍സ് മാത്രം. നാല് വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നു. മുഹമ്മദ് ഷമിക്കാണ് നായകന്‍ രോഹിത് ശര്‍മ പന്ത് നല്‍കിയത്. നിര്‍ണായക സമയത്ത് കൂറ്റനടികളിലൂടെ കളിയുടെ ഗതി തിരിക്കാന്‍ കെല്‍പ്പുള്ള പാറ്റ് കമ്മിന്‍സും ക്രീസില്‍ ഉണ്ട്.
ആദ്യ പന്തില്‍ കമ്മിന്‍സ് രണ്ട് റണ്‍സ് ഓടിയെടുത്തു. രണ്ടാം പന്തിലും രണ്ട് റണ്‍സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ ഏഴ് റണ്‍സ് മാത്രം. ഒരു സിക്സ് മതി എല്ലാം കൈവിടാന്‍ എന്ന അവസ്ഥ. അവസാന ഓവറിന്റെ മൂന്നാം പന്ത് ഒരു ലോ ഫുള്‍ ടോസാണ് ഷമി എറിഞ്ഞത്. പന്ത് വായുവിലൂടെ ബൗണ്ടറി ലൈനിന് അരികിലേക്ക്. സിക്സ് ആകുമെന്ന് തോന്നിയ പന്ത് ഒറ്റ കൈകൊണ്ട് ചാടിയെടുക്കുകയായിരുന്നു വിരാട് കോലി. പാറ്റ് കമ്മിന്‍സ് പുറത്തായി. അതോടെ മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എന്ന അവസ്ഥയായി. കോലി സൂപ്പര്‍മാനെ പോലെ പറന്നെടുത്തത് കേവലം ഒരു ക്യാച്ച് മാത്രമല്ല ഓസ്‌ട്രേലിയയുടെ അവസാന വിജയ പ്രതീക്ഷ കൂടിയായിരുന്നു. ഒറ്റ ബോള്‍ കൊണ്ട് എന്തും ചെയ്യാന്‍ കെല്‍പ്പുള്ള അപകടകാരിയായ ബാറ്റര്‍ കൂടിയാണ് കമ്മിന്‍സ്. അത് മനസ്സിലാക്കി തന്നെയാണ് കോലിയുടെ 'ഒറ്റക്കൈ ക്യാച്ച്'

ക്യാച്ച് എടുത്ത ശേഷമുള്ള കോലിയുടെ ചിരിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതൊക്കെ എന്ത് എന്ന ഭാവത്തോടെയാണ് കോലിയെ ആ ക്യാച്ചെടുത്തതിനു ശേഷം കാണുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :