രേണുക വേണു|
Last Updated:
ചൊവ്വ, 2 മെയ് 2023 (12:43 IST)
Virat Kohli: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നവീന്‍ ഉള്‍ ഹഖിനെ വിരാട് കോലി അപമാനിച്ചെന്ന് വിമര്‍ശനം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നവീന്‍ ബാറ്റ് ചെയ്യുന്നതിനിടെ കോലി സ്ലെഡ്ജ് ചെയ്തിരുന്നു. ഇത് പിന്നീട് കൈവിട്ട രീതിയിലേക്ക് പോകുകയായിരുന്നു.
കോലിയും നവീനും തമ്മില്‍ പിച്ചിന് നടുവില്‍ വെച്ച് തന്നെ വലിയ വാക്കേറ്റമുണ്ടായി. അമിത മിശ്രയും അംപയറുമാണ് ആ സമയത്ത് കോലിയേയും നവീനെയും അനുരഞ്ജിപ്പിക്കാന്‍ ശ്രമം നടത്തിയത്. അംപയര്‍ ഇരുവരെയും പിടിച്ചുമാറ്റിയ ശേഷം കോലി കാല്‍ ഉയര്‍ത്തി ഷൂസിന്റെ അടിയില്‍ നിന്ന് മണ്ണെടുത്ത് അത് നവീന്റെ നേരെ നീട്ടി എന്തോ പറയുന്നുണ്ട്. നവീനെ വില കുറച്ച രീതിയില്‍ സംസാരിക്കുകയാണ് കോലി ചെയ്തതെന്നാണ് വീഡിയോ കണ്ട ശേഷം ആരാധകര്‍ കമന്റ് ചെയ്യുന്നത്. 'എന്റെ ഷൂസില്‍ പറ്റിയ മണ്ണിന്റെ വില പോലും നിനക്ക് ഇല്ല' എന്നാണ് കോലി നവീനോട് പറഞ്ഞതെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോലിയുടെ ആംഗ്യം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ഒരു യുവതാരത്തോട് കോലി ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് ക്രിക്കറ്റ് ആരാധകരുടെ പക്ഷം.
മത്സരശേഷവും കോലി-നവീന്‍ പോര് തുടര്‍ന്നു. മത്സരശേഷം ലഖ്നൗ നായകന്‍ കെ.എല്‍.രാഹുല്‍ വിരാട് കോലിയോട് നവീനുമായുള്ള പ്രശ്നത്തെ കുറിച്ച് സംസാരിക്കുകയും അതിനുശേഷം നവീനെ അടുത്തേക്ക് വിളിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കോലി നില്‍ക്കുന്നതുകൊണ്ട് രാഹുലിന്റെ ക്ഷണം നവീന്‍ നിരസിക്കുകയായിരുന്നു. മത്സരശേഷം ഹസ്തദാനം നടത്തുമ്പോഴും കോലി നവീനോട് എന്തോ ദേഷ്യപ്പെട്ട് പറയുന്നുണ്ടായിരുന്നു.