രേണുക വേണു|
Last Modified ചൊവ്വ, 2 മെയ് 2023 (11:10 IST)
Virat Kohli and Gautam Gambhir: വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നുമല്ല. ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ കോലിയും ഗംഭീറും കൊമ്പ് കോര്‍ത്തപ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം പത്ത് വര്‍ഷം മുന്‍പുള്ള ഒരു സംഭവത്തെ കുറിച്ചായിരിക്കും ആലോചിച്ചത്. അവിടെ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
2013 ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നായകനായിരുന്നു ഗൗതം ഗംഭീര്‍. വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനും. ആ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഗംഭീര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി 46 പന്തില്‍ 59 റണ്‍സും കോലി ആര്‍സിബിക്ക് വേണ്ടി 27 പന്തില്‍ 35 റണ്‍സും നേടി.
ലക്ഷ്മിപതി ബാലാജിയുടെ പന്തില്‍ മന്‍വിന്ദര്‍ ബിസ്ലയ്ക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. കോലി പുറത്തായതിനു പിന്നാലെ ഗംഭീര്‍ രൂക്ഷമായ വാക്കുകളാല്‍ സ്ലെഡ്ജ് ചെയ്യാന്‍ തുടങ്ങി. പുറത്തായി ഡഗ്ഔട്ട് ലക്ഷ്യം വെച്ച് പോകുകയായിരുന്ന കോലി പിന്നീട് പ്രകോപിതനായി ഗംഭീറിന്റെ അടുത്തേക്ക് വന്നു. ഇരുവരും തമ്മില്‍ വന്‍ തര്‍ക്കമാണ് പിന്നീട് നടന്നത്. അടിയില്‍ കലാശിക്കുമെന്ന് പോലും തോന്നിയ സമയത്ത് കൊല്‍ക്കത്ത താരങ്ങള്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. അന്ന് തുടങ്ങിയ ശത്രുതയാണ് ഇരുവരും ഇപ്പോഴും മനസില്‍ വെച്ച് നടക്കുന്നത്. അതിനുശേഷം പലപ്പോഴും ഇരുവരും പരോക്ഷമായും പ്രത്യക്ഷത്തിലും വെല്ലുവിളിക്കുകയും സ്ലെഡ്ജിങ് നടത്തുകയും ചെയ്യാറുണ്ട്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കോലി-ഗംഭീര്‍ തര്‍ക്കത്തിനു ഒരു ക്രിക്കറ്റ് വേദി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഇത്തവണ ലഖ്‌നൗ മെന്ററുടെ റോളിലാണ് ഗംഭീര്‍. കോലി ആര്‍സിബി താരം തന്നെ. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിയെ തോല്‍പ്പിച്ച ശേഷം ഗംഭീര്‍ നടത്തിയ ആഹ്ലാദപ്രകടനം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ആര്‍സിബി ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് വായ് മൂടി ആംഗ്യം കാണിക്കുകയായിരുന്നു ഗൗതം. ഇപ്പോള്‍ ഏക്നാ സ്റ്റേഡിയത്തില്‍ ലഖ്നൗവിനെതിരായ മത്സരം നടക്കുമ്പോള്‍ അതേ ആംഗ്യം തിരിച്ചുകാണിച്ചു കോലി. ഇവിടെ നിന്ന് പ്രശ്നങ്ങള്‍ രൂക്ഷമായി. കോലിയുടെ ആഹ്ലാദപ്രകടനം ഇഷ്ടമാകാതിരുന്ന ഗംഭീര്‍ മത്സരശേഷം അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ലഖ്നൗ താരമായ കെയ്ല്‍ മയേര്‍സ് മത്സരശേഷം വിരാട് കോലിയുടെ അടുത്തുവന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട ഗംഭീര്‍ മയേര്‍സിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. കോലിയോട് സംസാരിക്കുന്നതില്‍ നിന്ന് മയേര്‍സിനെ വിലക്കാന്‍ ശ്രമിക്കുകയായിരുന്നു ഗംഭീര്‍. ഇത് പ്രശ്നം വഷളാക്കി. ഗംഭീറിന്റെ പ്രവൃത്തി കണ്ട കോലി തിരിച്ച് ദേഷ്യപ്പെട്ട് സംസാരിക്കാന്‍ തുടങ്ങി. ഇരുവരും നേര്‍ക്കുനേര്‍ വന്ന് സംസാരിക്കാന്‍ തുടങ്ങിയതോടെ സാഹതാരങ്ങള്‍ ഓടിയെത്തി പിടിച്ചുമാറ്റുകയായിരുന്നു.